72കാരനെ കുരങ്ങന്മാര്‍ കല്ലെറിഞ്ഞ് കൊന്നു; കുരങ്ങന്മാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ചയാളുടെ ബന്ധുക്കള്‍

സംഭവത്തില്‍ കുരങ്ങന്മാരുടെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ധരംപാലിന്റെ ബന്ധുക്കള്‍
72കാരനെ കുരങ്ങന്മാര്‍ കല്ലെറിഞ്ഞ് കൊന്നു; കുരങ്ങന്മാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ചയാളുടെ ബന്ധുക്കള്‍

മീററ്റ്; ഉത്തര്‍പ്രദേശില്‍ ഒരു കൂട്ടം കുരങ്ങന്മാര്‍ 72 കാരനെ കല്ലെറിഞ്ഞു കൊന്നു. വിറക് ശേഖരിക്കാനായി പോയ ധരംപാല്‍ സിങ് ആണ് കുരങ്ങന്റെ അക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. മരത്തിന്റെ മുകളില്‍ നിന്ന് കുരങ്ങന്‍ കൂട്ടം ധരംപാലിന് നേരെ കല്ലുകള്‍ എറിയുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഏറുകൊണ്ട് ഗുരുതരമായി പരുക്കേറ്റ ഇയാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. 

സംഭവത്തില്‍ കുരങ്ങന്മാരുടെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ധരംപാലിന്റെ ബന്ധുക്കള്‍. എന്നാല്‍ പ്രശ്‌നങ്ങളൊന്നുമില്ലാതിരിക്കാന്‍ പൊലീസ് അപകടമരണമെന്നാണ് കേസ് ഡയറിയില്‍ എഴുതിയത്. ഇതില്‍ വീട്ടുകാര്‍ തൃപ്തരല്ല. ഉന്നതാധികാരികളുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍. 

20 ല്‍ അധികം കല്ലുകളാണ് കുരങ്ങന്മാര്‍ ധരംപാലിന് നേരെ എറിഞ്ഞത്. തലയ്ക്കും നെഞ്ചിലും കാലിനും കല്ലേറില്‍ പരുക്കേറ്റു. ഉയര്‍ന്ന മരത്തില്‍ ഇരുന്നുകൊണ്ടായിരുന്നു ആക്രമണം. തൊട്ടടുത്ത് പൊളിഞ്ഞു കിടന്നിരുന്ന കെട്ടിടത്തില്‍ നിന്നെടുത്ത കല്ലാണ് ധരംപാലിന് നേരെ എറിഞ്ഞത്. കൊല നടത്തിയ കുരങ്ങന്മാര്‍ക്കെതിരേ നടപടിയെടുക്കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വീട്ടുകാര്‍. 

മരണത്തിന് കാരണമാകുന്നത് ആദ്യമായിട്ടാണെങ്കിലും കുരങ്ങന്മാരുടെ ശല്യം താങ്ങാനാവാത്ത സ്ഥിതിയിലാണ് പ്രദേശവാസികള്‍. എത്രയും വേഗം കുരങ്ങന്മാരുടെ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ കൊലക്കുറ്റത്തിന് കുരങ്ങന്റെ പേരില്‍ എങ്ങനെ കേസെടുക്കും എന്നറിയാതെ കുഴങ്ങുകയാണ് പൊലീസ്. ഇത് യുക്തിപരമായ ആവശ്യമല്ലെന്നാണ് പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com