പീഡനത്തിന് ഇരയായ കുട്ടി പഠിച്ചാല്‍ സ്‌കൂളിന്റെ പഠനാന്തരീക്ഷം മോശമാകും; പത്താം ക്ലാസുകാരിക്ക് പഠനം നിഷേധിച്ച് സ്‌കൂളുകള്‍

സ്‌കൂളുകള്‍ക്കെതിരേ പരാതിയുമായി കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍
പീഡനത്തിന് ഇരയായ കുട്ടി പഠിച്ചാല്‍ സ്‌കൂളിന്റെ പഠനാന്തരീക്ഷം മോശമാകും; പത്താം ക്ലാസുകാരിക്ക് പഠനം നിഷേധിച്ച് സ്‌കൂളുകള്‍

ഡെറാഡൂണ്‍: സഹപാഠികള്‍ പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയ്ക്ക് സ്‌കൂളുകള്‍ പ്രവേശനം നിഷേധിക്കുന്നതായി പരാതി. ഉത്തകാഖണ്ഡിലെ ഡെറാഡൂണിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് പഠനം നിഷേധിക്കുന്നത്. പെണ്‍കുട്ടി പഠിച്ചാല്‍ സ്‌കൂളിന്റെ പഠനാന്തരീക്ഷം കെട്ടുപോകുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. സ്‌കൂളുകള്‍ക്കെതിരേ പരാതിയുമായി കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍. 

നാല് സഹപാഠികളില്‍ നിന്നാണ് പെണ്‍കുട്ടിക്ക് ക്രൂരപീഡനം നേരിടേണ്ടിവന്നത്. ഡെറാഡൂണിനു പുറത്ത് ബോര്‍ഡിങ് സ്‌കൂളില്‍ വച്ചാണു പെണ്‍കുട്ടി പീഡനത്തിനിരയായത്. ഓഗസ്റ്റില്‍ നടന്ന സംഭവം പുറത്തെത്തിയത് സെപ്റ്റംബര്‍ 17നായിരുന്നു. അതുവരെ സംഭവം സ്‌കൂള്‍ അധികൃതര്‍ മൂടിവച്ചു. സ്‌കൂള്‍ ഡയറക്ടര്‍, പ്രിന്‍സിപ്പല്‍,  അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേരെ കേസില്‍ അറസ്റ്റ് ചെയ്തു. പീഡനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നാലു വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തു.

എന്നാല്‍ കുട്ടിയെ മറ്റൊരു സ്‌കൂളില്‍ പ്രവേശനം നേടാന്‍ മാതാപിതാക്കള്‍ വിവിധ സ്‌കൂളുകള്‍ കയറിയിറങ്ങിയെങ്കിലും അനുകൂല മറുപടിയല്ല അധികൃതരില്‍ നിന്ന് ലഭിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഡെറാഡൂണിനു പുറത്തുള്ള സ്‌കൂളിലേക്കു പഠനം മാറ്റേണ്ട അവസ്ഥയാണെന്നും മാതാപിതാക്കള്‍ പറഞ്ഞു.  

സ്‌കൂളുകള്‍ക്കെതിരേ മാതാപിതാക്കള്‍ പരാതി നല്‍കി. സംഭവം അന്വേഷിക്കുമെന്നും സത്യമാണെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നിര്‍ഭാഗ്യകരമാണെന്ന് ഉത്തരാഖണ്ഡ് ശിശു അവകാശ സംരക്ഷണ കമ്മിഷന്‍ മുന്‍ ചെയര്‍മാര്‍ യോഗേന്ദ്ര ഖണ്ഡൂരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com