കോലം കത്തിക്കുന്നതിന് മുന്‍പ് ട്രാക്കില്‍ നിന്ന് മാറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു: അമൃത്സര്‍ ദുരന്തത്തില്‍ സംഘാടകന്‍

അമൃത്സര്‍ ട്രെയിന്‍ അപകടത്തില്‍ 61 ആളുകള്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി പരിപാടിയുടെ മുഖ്യസംഘാടകന്‍ രംഗത്ത്.
കോലം കത്തിക്കുന്നതിന് മുന്‍പ് ട്രാക്കില്‍ നിന്ന് മാറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു: അമൃത്സര്‍ ദുരന്തത്തില്‍ സംഘാടകന്‍

അമൃത്സര്‍: അമൃത്സര്‍ ട്രെയിന്‍ അപകടത്തില്‍ 61 ആളുകള്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി പരിപാടിയുടെ മുഖ്യസംഘാടകന്‍ രംഗത്ത്. ദസറ ആഘോഷത്തിനിടെ രാവണന്റെ കോലം കത്തിക്കുന്നതിന് മുന്‍പ് റെയില്‍വേ ട്രാക്കില്‍ നിന്നും മാറാനുള്ള മുന്നറിയിപ്പ് നിരവധി തവണ നല്‍കിയെന്നാണ് ഇയാള്‍ പറയുന്നത്. സൗരഭ് മദന്‍ എന്ന മിത്തുവാണ് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

പത്ത് തവണയോളം ട്രാക്കില്‍ നില്‍ക്കുന്നവരോട് അവിടെ നിന്നുമാറാന്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്തിരുന്നുവെന്നാണ് സൗരഭ് മദന്‍ പറയുന്നത്. തന്റെ ഭാഗം അദ്ദേഹം വിശദീകരിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ഇയാള്‍ എവിടെനിന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. സൗരഭ് മദനും അച്ഛനായ വിജയ് മദനുമാണ് ദസറ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ഇവര്‍ ഇരുവരും ഒളിവിലാണ്.

എല്ലാ അനുമതികളും ലഭിച്ചതിന് ശേഷമാണ് സ്ഥലത്ത് ദസറ ആഘോഷങ്ങള്‍ സംഘടിപ്പിച്ചതെന്നാണ് സൗരഭ് മദന്‍ വീഡിയോയില്‍ പറയുന്നത്. '20 അടി ഉയരമുള്ള രാവണ കോലമാണ് ഞങ്ങള്‍ ഒരുക്കിയത്. ധോബി ഘട്ടിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. അല്ലാതെ റെയില്‍ പാളത്തില്ല. റെയില്‍പാളത്തില്‍ ഇരിക്കാനുള്ള സൗകര്യങ്ങളും ഞങ്ങള്‍ സജ്ജമാക്കിയിരുന്നില്ല. ഞങ്ങളുടെ ഭാഗത്ത് ഒരു വീഴ്ചയുമുണ്ടായിട്ടില്ല. അഗ്‌നിശമന സേനയും പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു'- സൗരഭ് വ്യക്തമാക്കി. 

റെയില്‍ പാളത്തില്‍ നില്‍ക്കരുതെന്ന് 10 തവണയോളം ആളുകളോട് ആവശ്യപ്പെട്ടിരുന്നു. പെട്ടെന്നാണ് ട്രെയിന്‍ കടന്നുവന്നത്. അത് ദൗര്‍ഭാഗ്യകരമാണെന്നും സൗരഭ് പറയുന്നു. ഒക്ടോബര്‍ 19 നാണ് അമൃത്സറില്‍ ദസറ ആഘോഷം നടക്കുന്നതിടെ ട്രെയിന്‍ തട്ടി അറിപതോളം ആളുകള്‍ മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com