വിധി തിരിച്ചടിയല്ല ; അപ്പീലില്‍ തീരുമാനം പിന്നീട്, ആവശ്യമെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുമെന്ന് ടിടിവി ദിനകരന്‍ 

18 എംഎല്‍എമാരുമായി കൂടിയാലോചിച്ചശേഷം തുടര്‍ നടപടികള്‍ ആലോചിക്കും
വിധി തിരിച്ചടിയല്ല ; അപ്പീലില്‍ തീരുമാനം പിന്നീട്, ആവശ്യമെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുമെന്ന് ടിടിവി ദിനകരന്‍ 

ചെന്നൈ : എംഎല്‍എമാരുടെ അയോഗ്യത ശരിവെച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധി തിരിച്ചടിയായി കാണുന്നില്ലെന്ന് അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടിടിവി ദിനകരന്‍ പ്രതികരിച്ചു. ഈ സാഹചര്യങ്ങളെ തങ്ങള്‍ അതിജീവിക്കും. 18 എംഎല്‍എമാരുമായി കൂടിയാലോചിച്ചശേഷം തുടര്‍ നടപടികള്‍ ആലോചിക്കും. സുപ്രിംകോടതിയില്‍ പോകണോ, ഉപതെരഞ്ഞെടുപ്പ് നേരിടമോ എന്ന് എംഎല്‍എമാര്‍ തീരുമാനിക്കും. ആവശ്യമെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുമെന്നും ദിനകരന്‍ പറഞ്ഞു. 

18 എംഎല്‍എമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കറുടെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ജഡ്ജി എം സത്യനാരായണയാണ് ശരിവെച്ചത്. അയോഗ്യരാക്കിയതിനെ ചോദ്യം ചെയ്തുള്ള എംഎല്‍എമാരുടെ ഹര്‍ജി കോടതി തള്ളി. എംഎൽഎമാർ വിപ്പ് ലംഘിച്ചെന്ന പരാതിയിലായിരുന്നു സ്പീക്കറുടെ നടപടി. 

എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനാണ് സ്പീക്കർ പി ധനപാല്‍ ടിടിവി ദിനകരൻ പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കിയത്. ജൂൺ 14 ന് കേസില്‍ ജഡ്ജിമാർ ഭിന്നവിധി പുറപ്പെടുവിച്ചതോടെ കേസ് മൂന്നാമതൊരു ജഡ്ജിക്ക് കൈമാറുകയായിരുന്നു. 

കേസില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനർജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം സുന്ദർ വിയോജിച്ചു. തുടർന്ന് കേസ് മൂന്നാമതൊരു ജഡ്ജിയുടെ പരി​ഗണനയ്ക്ക് വിടുകയായിരുന്നു. അങ്ങനെയാണ്  കേസ് ജസ്റ്റിസ് എം സത്യനാരായണന് മുന്നിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com