ബിസിനസ് പങ്കാളിയെ കൊന്ന് 25 കഷണങ്ങളാക്കി ബാഗിലടച്ചു, ഒന്നിച്ച് ആത്മഹത്യ ചെയ്യാന്‍ വിസ്സമ്മതിച്ച ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഒടുവില്‍ പൊലീസ് പിടിയില്‍ 

തന്റെ വീട് ആരോ ആക്രമിച്ചെന്നും ഭാര്യയെ കൊലപ്പെടുത്തിയെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്
ബിസിനസ് പങ്കാളിയെ കൊന്ന് 25 കഷണങ്ങളാക്കി ബാഗിലടച്ചു, ഒന്നിച്ച് ആത്മഹത്യ ചെയ്യാന്‍ വിസ്സമ്മതിച്ച ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഒടുവില്‍ പൊലീസ് പിടിയില്‍ 

ഗുഡ്ഗാവ്: വായ്പവാങ്ങിയ 40ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ കഴിയാതെവന്നപ്പോള്‍ ബിസിനസ്സ് പങ്കാളിയെ കൊലപ്പെടുത്തിയ യുവാവ് പിന്നീട് കൊലയ്ക്ക് കൂട്ടുനിന്ന ഭാര്യയെയും കൊന്നു. ഒന്നിച്ച് ആത്മഹത്യചെയ്യാന്‍ വിസ്സമ്മതിച്ചതാണ് ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. ഗുഡ്ഗാവിലാണ് സംഭവം. ഹര്‍നേക് സിങ്ങ‌് എന്ന യുവാവാണ് കൊലപാതകങ്ങൾക്ക് പിന്നിൽ. 

ജസ്‌കരണ്‍ സിങ്ങ് എന്നയാളാണ് കൊല്ലപ്പെട്ടതെന്നും ബിസിനസ് ആവശ്യങ്ങള്‍ക്കായി ഹര്‍നേക് സിങ്ങ് ഇയാളിൽ നിന്ന് 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നെന്നും പൊലീസ് പറഞ്ഞു. പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെവന്നപ്പോൾ ജസ്‌കരണ്‍ ഹര്‍നേകിനെ വീട്ടില്‍ ചെന്നു കണ്ടു. എന്നാൽ വീട്ടിലെത്തിയ ഇയാളെ ഹർനേകും ഭാര്യയും സുഹൃത്തും ചേർന്ന് കെട്ടിയിട്ടശേഷം കൊലപ്പെടുത്തി. പിന്നീട് മൃതദേഹം 25 കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളിലാക്കിയശേഷം പല ഇടങ്ങളിലായി ഉപേക്ഷിച്ചു. 

കൊലപാതകക്കുറ്റത്തിന് പൊലീസ് പിടിയിലാകുന്നതിന് മുമ്പ് ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് ഹർനേക് ഭാര്യയോട് പറഞ്ഞു. എന്നാൽ അതിന് ഭാര്യ വിസ്സമ്മതിച്ചതോടെ അടുത്ത കൊലപാതകവും നടത്തി. കഴുത്തറുത്താണ് ഇയാൾ ഭാര്യയെ കൊന്നത്. സംശയം തോന്നാതിരിക്കാൻ സ്വന്തം ശരീരത്തിലും മുറിവുകൾ ഉണ്ടാക്കിയശേഷം പൊലീസിനെ വിളിക്കുകയായിരുന്നു.  

തന്റെ വീട് ആരോ ആക്രമിച്ചെന്നും ഭാര്യയെ കൊലപ്പെടുത്തിയെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിൽ ഇയാൾ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. ഹര്‍നേക് സിങ്ങ‌് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com