പട്ടേല്‍ പ്രതിമയ്‌ക്കെതിരെയുള്ള പ്രതിഷേധം കുറ്റകരം; രാഷ്ട്രീയം കലര്‍ത്തുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി

'ഏക ഭാരത് ,ശ്രേഷ്ഠ ഭാരത്' എന്നതിന്റെ അടയാളമാണ് ഏകതാ പ്രതിമ.  ഇതിന്റെ ഉയരം രാജ്യത്തിന്റെ ശോഭനമായ ഭാവിയെ കുറിച്ച് യുവതലമുറയ്ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ്.
പട്ടേല്‍ പ്രതിമയ്‌ക്കെതിരെയുള്ള പ്രതിഷേധം കുറ്റകരം; രാഷ്ട്രീയം കലര്‍ത്തുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി

 അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 'ഏകതാ പ്രതിമ'യ്‌ക്കെതിരെ പ്രതിഷേധമുയരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിഷേധിക്കുന്നതിലൂടെ വലിയ കുറ്റമാണ് ചെയ്യുന്നത്. ഇന്ത്യയുടെ ഉരുക്ക്  മനുഷ്യനോടുള്ള ബഹുമാന സൂചകമായാണ് ഇത്തരമൊരു പ്രതിമ നിര്‍മ്മിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ദിവസമാണിന്ന്. പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കണമെന്ന സ്വപ്‌നം കണ്ടപ്പോള്‍ പ്രധാനമന്ത്രിയായ ശേഷമാണ് ആ ആഗ്രഹം സാക്ഷാത്കരിക്കാന്‍ സാധിക്കുകയെന്ന് ഒരിക്കലും കരുതിയിരുന്നില്ല.  രാജ്യത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

'ഏക ഭാരത് ,ശ്രേഷ്ഠ ഭാരത്' എന്നതിന്റെ അടയാളമാണ് ഏകതാ പ്രതിമ.  ഇതിന്റെ ഉയരം രാജ്യത്തിന്റെ ശോഭനമായ ഭാവിയെ കുറിച്ച് യുവതലമുറയ്ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ്. ഒറ്റക്കെട്ടായ രാജ്യത്തിന്റെ പ്രതിഫലനമാണ് തലയുയര്‍ത്തി നില്‍ക്കുന്നതെന്നും ഗുജറാത്തിലെ ജനങ്ങള്‍ പട്ടേലിനെ സ്വീകരിക്കാന്‍ കാണിച്ച നല്ല മനസിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 സംസ്‌കാരത്തിന്റെ അടിത്തറ ദേശസ്‌നേഹമാണ്. പട്ടേലിന്റെ ജന്‍മദിനം രാഷ്ട്രീയ ഏകതാ ദിവസമായി ആചരിക്കുന്നതിലൂടെ ഇക്കാര്യം ഉറപ്പിക്കാന്‍ സാധിക്കും. വൈവിധ്യത്തെ കൂട്ടിയോജിപ്പിച്ചത് സര്‍ദാര്‍ വല്ലഭായി പട്ടേലാണ്. കച്ച് മുതല്‍ കൊഹിമ വരെ , കാര്‍ഗില്‍ മുതല്‍ കന്യാകുമാരി വരെ സഞ്ചരിക്കാന്‍ ഇന്ന് സാധിക്കുന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായാണ്. 

സര്‍ദാറിനോടുള്ള ആദരസൂചകമായി ഈ പ്രതിമ നിര്‍മ്മാണത്തിനായി സ്ഥലം വിട്ടുനല്‍കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകയും ചെയ്തതോടെ പ്രദേശത്തെ കര്‍ഷകരും ആദിവാസികളും ചരിത്രത്തില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണെന്നും പ്രതിമ കാരണം ഐശ്വര്യവും അഭിവൃദ്ധിയും പുതിയ തൊഴില്‍ സാധ്യതകളും ഉണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലോകത്തിലേക്കും തന്നെ ഏറ്റവും വലിയ പ്രതിമയാണ് പ്രധാനമന്ത്രി അനാവരണം ചെയ്ത സ്റ്റാച്യൂ ഓഫ് യൂണിറ്റി. സര്‍ദാര്‍ വല്ല്ഭായി പട്ടേലിന്റെ ജന്‍മ ശതാബ്ദിയോട് അനുബന്ധിച്ച് പ്രതിമയ്ക്ക് പുറമേ ഐക്യത്തിന്റെ മതിലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com