ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി ; നഴ്‌സുമാരെ ജോലിയില്‍ നിന്നും പുറത്താക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st September 2018 12:08 PM |
Last Updated: 01st September 2018 12:08 PM | A+A A- |

ഹൈദരാബാദ് : കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച നടനും തെലുഗുദേശം നേതാവുമായ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫിയെടുത്ത നാലു നഴ്‌സുമാരെ ജോലിയില്‍ നിന്നും പുറത്താക്കി. നല്‍ഗോണ്ടയിലെ കമിനേനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പുരുഷ നഴ്‌സ് അടക്കമുള്ളവരാണ് മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫി എടുത്തത്. മൃതദേഹത്തിനൊപ്പം ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രം വാട്‌സാപ്പിലൂടെ പുറത്തുവരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.
മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നു ചൂണ്ടിക്കാട്ടിയാണ് നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്നും പുറത്താക്കിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഒരുക്കുന്നതിനിടെയാണ് ഇവര്‍ സെല്‍ഫി എടുത്തത്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും ജീവനക്കാര്‍ക്കു വേണ്ടി മാപ്പു ചോദിക്കുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ബുധനാഴ്ചയാണ് നല്‍ഗോണ്ട ജില്ലയില്‍വച്ച് ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്റെ മകന്‍ നന്ദമൂരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചത്. നെല്ലൂരില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകും വഴി വാഹനം ഓടിച്ചിരുന്ന ഹരികൃഷ്ണയ്ക്ക് നിയന്ത്രണം നഷ്ടമായി ഡിവൈഡറിനു മുകളിലൂടെ പാഞ്ഞ് എതിര്‍ദിശയില്‍ വന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു.