ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും ; ദീപക് മിശ്ര കേന്ദ്രത്തിന് ശുപാര്‍ശ നല്‍കി

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പിന്‍ഗാമിയായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പേര് കേന്ദ്ര നിയമമന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തു
ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും ; ദീപക് മിശ്ര കേന്ദ്രത്തിന് ശുപാര്‍ശ നല്‍കി

ന്യൂഡല്‍ഹി : സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പുതിയ ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പേര് കേന്ദ്ര നിയമമന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച കത്ത് ജസ്റ്റിസ് ദീപക് മിശ്ര കേന്ദ്രസര്‍ക്കാരിന് നല്‍കി. 

നേരത്തെ സെപ്തംബര്‍ രണ്ടിനകം പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യണമെന്ന് കാണിച്ച് കേന്ദ്ര നിയമമന്ത്രാലയം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തയച്ചിരുന്നു. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍, സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജിയാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഒക്ടോബര്‍ രണ്ടിനാണ് ദീപക് മിശ്ര വിരമിക്കുന്നത്. ഒക്ടോബര്‍ മൂന്നിന് പുതിയ ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ സുപ്രീംകോടതി ജഡ്ജിമാരായ ചെലമേശ്വറുടെ നേതൃത്വത്തില്‍ ജനുവരിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ നാലു ജഡ്ജിമാരില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ഉള്‍പ്പെട്ടിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ദീപക് മിശ്രയ്‌ക്കെതിരെ ഗൊഗോയ് ആഞ്ഞടിച്ചിരുന്നു. 

ഇതോടെ ജസ്റ്റിസ് ഗൊഗോയിയെ പിന്‍ഗാമിയായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശുപാര്‍ശ ചെയ്യുമോയെന്ന് സംശയങ്ങളും അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. സൗമ്യ വധക്കേസില്‍ ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുറപ്പെടുവിച്ച ബെഞ്ചില്‍ ജസ്റ്റിസ് ഗൊഗോയിയും ഉള്‍പ്പെടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com