കനയ്യ കുമാറിന്  സീറ്റ് നല്‍കാമെന്ന് ആര്‍ജെഡി; പിന്തുണച്ച് കോണ്‍ഗ്രസ്; വിശാലസഖ്യ സ്ഥാനാര്‍ത്ഥിയാകും

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ ബിഹാറിലെ ബഗുസരായി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കും
കനയ്യ കുമാറിന്  സീറ്റ് നല്‍കാമെന്ന് ആര്‍ജെഡി; പിന്തുണച്ച് കോണ്‍ഗ്രസ്; വിശാലസഖ്യ സ്ഥാനാര്‍ത്ഥിയാകും

പട്‌ന: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ ബിഹാറിലെ ബഗുസരായി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കും. ബിജെപിക്കെതിരായ വിശാല സഖ്യ സ്ഥാനാര്‍ത്ഥിയായാകും കനയ്യ മനത്സരിക്കുക. കനയ്യ കുമാറിന് വേണ്ടി സീറ്റ് വിട്ടുതരാന്‍ തയ്യാറാണെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും വ്യക്തമാക്കി കഴിഞ്ഞു. 

2014ല്‍ ആര്‍ജെഡിയില്‍ നിന്നും മണ്ഡലം ബിജെപി പിടിച്ചെടുത്തിരുന്നു. മേഖലയില്‍ ഇടത് പാര്‍ട്ടികള്‍ക്കുള്ള സ്വാധീനവും കനയ്യ കുമാറിന്റെ ജനസ്വീകാര്യതയും സീറ്റ് തിരിച്ചുപിടിക്കാന്‍ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ആര്‍ജെഡി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത്. 

കനയ്യ കുമാറിനെ ബഗുസരായില്‍ നിന്ന് മത്സരിപ്പിക്കാന്‍ ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവിന് സമ്മതമാണെന്ന് ആര്‍ജെഡിയിലെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. സീറ്റ് നല്‍കാന്‍ തയ്യാറാണെന്ന് ലാലു പ്രസാദ് യാദവ് തങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി സത്യനാരയണ്‍ സിങ് വ്യക്തമാക്കി.

കനയ്യ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. സിപിഐയും സിപിഎമ്മും ഉള്‍പ്പെട്ട ഇടതു പാര്‍ട്ടികളും ആര്‍ജെഡി,കോണ്‍ഗ്രസ്,എന്‍സിപി, ലോക് താന്ത്രിക് ജനതാ ദള്‍ എന്നീ കക്ഷികള്‍ ചേര്‍ന്നാണ് ഇപ്പോള്‍ മഹാസഖ്യം രൂപീകരിച്ചിരിക്കുന്നത്. 

ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള പ്രദേശമാണ് ബഗുസരായി. 2014ല്‍ ആദ്യമായാണ് ബിജെപി ഇവിടെ വിജയിക്കുന്നത്. ആര്‍ജെഡിയുടെ തന്‍വീര്‍ ഹസ്സനെ 58,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബിജെപിയുടെ ഭോല സിങ് വിജയിച്ചത്. സിപിഐയുടെ രാജേന്ദ്ര പ്രസാദ് സിങ് 1,92,639 വോട്ടുകള്‍ നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com