കോടതി കളിസ്ഥലമല്ല; ആദായ നികുതി വകുപ്പ് കാര്യ ഗൗരവത്തോടെ പെരുമാറണമെന്ന് സുപ്രിം കോടതി

അപ്പീല്‍ സമര്‍പ്പിക്കുന്നതില്‍ 596 ദിവസത്തെ കാലതാമസം വരുത്തിയതിനും തെറ്റിദ്ധാരണാ ജനകമായ വിവരങ്ങള്‍ അപ്പീലില്‍ ഉള്‍പ്പെടുത്തിയതിനുമാണ് ആദായ നികുതി വകുപ്പ് കമ്മീഷണറെ സുപ്രിം കോടതി വിമര്‍ശിച്ചത്.
കോടതി കളിസ്ഥലമല്ല; ആദായ നികുതി വകുപ്പ് കാര്യ ഗൗരവത്തോടെ പെരുമാറണമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് കാര്യഗൗരവത്തോടെ പെരുമാറണമെന്നും കളിക്കാനുള്ള സ്ഥലമല്ല കോടതിയെന്നും സുപ്രിം കോടതിയുടെ വിമര്‍ശനം. അപ്പീല്‍ സമര്‍പ്പിക്കുന്നതില്‍ 596 ദിവസത്തെ കാലതാമസം വരുത്തിയതിനും തെറ്റിദ്ധാരണാ ജനകമായ വിവരങ്ങള്‍ അപ്പീലില്‍ ഉള്‍പ്പെടുത്തിയതിനുമാണ് ആദായ നികുതി വകുപ്പ് കമ്മീഷണറെ സുപ്രിം കോടതി വിമര്‍ശിച്ചത്. പത്ത് ലക്ഷം രൂപ പിഴയായി ഒടുക്കണമെന്നും കോടതി വിധിച്ചു.

കമ്മീഷണറുടെ പ്രവര്‍ത്തി കോടതിയെ ഞെട്ടിച്ചുവെന്നും എങ്ങനെയാണ് ഇത്രയും നിസ്സാരമായി കോടതിയെ കണക്കാക്കുവാന്‍ സാധിക്കുന്നതെന്നും ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ ബഞ്ച് ചോദിച്ചു. അപ്പീല്‍ സമര്‍പ്പിച്ചത് തന്നെ 596 ദിവസത്തെ കാലതാമസത്തിന് ശേഷമാണ്. അതിനും പുറമേയാണ് മനുഷ്യര്‍ക്ക് മനസിലാകാത്ത തരത്തിലുള്ള വിശദീകരണം കാലതാമസം നേരിട്ടതിന് നല്‍കിയതെന്നും കോടതി പറഞ്ഞു. കോടതിയോട് പെരുമാറേണ്ട രീതി ഇതല്ല. ഇങ്ങനെയാണോ രാജ്യത്തെ പരമോന്നത കോടതിയെ നിങ്ങള്‍ കാണുന്നത് എന്നും ആദായ നികുതി വകുപ്പിന് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി ചോദിച്ചു. 

നാലാഴ്ചയ്ക്കുള്ളില്‍ പിഴയടയ്ക്കണമെന്നും ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അത് ഉപയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 
ഇന്‍കം ടാക്‌സ് അപ്പല്ലേറ്റ് ട്രൈബ്യൂണലിന്റെ വിധിക്കെതിരെ ആദായ നികുതി വകുപ്പ് അലഹബാദ് ഹൈക്കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ഇത് കോടതി തള്ളിയതോടെയാണ് 2016 ആഗസ്റ്റ് 29ന് സുപ്രിം കോടതിയെ സമീപിച്ചത്. കേസില്‍ വിശദവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടുവെങ്കിലും വകുപ്പ് കാലതാമസം വരുത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com