ദിവസവും ഹനുമാന്‍ മന്ത്രം ചൊല്ലൂ; പിന്നെ കുരങ്ങുകള്‍ കടിക്കില്ലെന്ന് യോഗി ആദിത്യനാഥ്

കുരങ്ങുകളുടെ ഉപദ്രവം കുറയ്ക്കാന്‍ ഹനുമാന്‍ മന്ത്രം ചൊല്ലിയാല്‍ മതിയെന്ന കണ്ടുപിടുത്തവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ദിവസവും ഹനുമാന്‍ മന്ത്രം ചൊല്ലൂ; പിന്നെ കുരങ്ങുകള്‍ കടിക്കില്ലെന്ന് യോഗി ആദിത്യനാഥ്


ലഖ്‌നോ: താറാവുകള്‍ ജലാശയങ്ങളില്‍ ഓക്‌സിജന്‍ വര്‍ദ്ധിപ്പിക്കുമെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ സിദ്ധാന്തത്തിന് പിന്നാലെ കുരങ്ങുകളുടെ ഉപദ്രവം കുറയ്ക്കാന്‍ ഹനുമാന്‍ മന്ത്രം ചൊല്ലിയാല്‍ മതിയെന്ന കണ്ടുപിടുത്തവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 

എല്ലാ ദിവസവും ഹനുമാന്‍ ചാലിസ ചൊല്ലുക. എന്നാല്‍ കുരങ്ങുകള്‍ ആരെയും ഉപദ്രവിക്കില്ലെന്ന് മധുരയില്‍ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വൃന്ദാവനില്‍ കുരങ്ങുകളുടെ ശല്യം രൂക്ഷമായത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിച്ചത്.

തന്റെ അനുഭവത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്നാണ് യോഗി പറയുന്നത്. ഗൊരഖ് നാഥ് അമ്പലത്തില്‍ ഞാന്‍ ജോലി ചെയ്യുമ്പോള്‍ ഒരു കുരങ്ങന്‍ തന്റെ ലാപ് ടോപ്പ് നശിപ്പിക്കാനായി എത്തി. ഞാന്‍ അവന് ഒരു പഴം നല്‍കി. പിന്നെ ഇത് പതിവായപ്പോള്‍ ദിവസവും കുരങ്ങ് പഴത്തിനായി കാത്തിരിക്കും. പഴം കിട്ടിയാല്‍ പിന്നെ കുരങ്ങന്‍ സ്ഥലം കാലിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ദിവസം കുരങ്ങന്‍ തന്റെ ലാപ്പ് ടോപ്പിനടുത്ത് ഇരിക്കുന്നത് കണ്ട് ജോലിക്കാരന്‍ കുരങ്ങനോട് ആക്രോശിച്ചു. പിറ്റേ ദിവസം ആ ജോലിക്കാരനെ കുരങ്ങ് ഉപദ്രവിച്ചതായും യോഗി പറഞ്ഞു.

മധുരയില്‍ പത്തേക്കറില്‍ തുടങ്ങുന്ന ഗോശാലയ്ക്കായി ജനങ്ങള്‍ എല്ലാ ദിവസവും ഒരു രൂപ സംഭാവന നല്‍കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com