നീതി സത്രീകള്‍ക്ക് മാത്രം പോരാ; പുരുഷ കമ്മീഷന്‍ വേണമെന്ന ആവശ്യവുമായി ബിജെപി എംപിമാര്‍

നീതി സത്രീകള്‍ക്ക് മാത്രം പോരാ; പുരുഷ കമ്മീഷന്‍ വേണമെന്ന ആവശ്യവുമായി ബിജെപി എംപിമാര്‍

നീതി സത്രീകള്‍ക്ക് മാത്രം പോരാ, പുരുഷ കമ്മീഷന്‍ വേണമെന്ന ആവശ്യവുമായി ബിജെപി എംപിമാര്‍

ന്യൂഡല്‍ഹി: ഭാര്യമാരില്‍നിന്ന് പീഡനം ഏല്‍ക്കേണ്ടി വരുന്ന പുരുഷന്മാര്‍ക്കായി ദേശീയ വനിതാ കമ്മിഷന്‍ മാതൃകയില്‍ പുരുഷ് ആയോഗ് വേണമെന്ന ആവശ്യവുമായി ബിജെപി എംപിമാര്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ രണ്ട് എംപിമാരാണ് രംഗത്തുവന്നത്. ഖോസിയില്‍നിന്നുള്ള എംപി ഹരിനാരായണ്‍ രാജ്ബര്‍, ഉത്തര്‍പ്രദേശിലെ ഹാര്‍ഡോയിയില്‍നിന്നുള്ള എംപി അന്‍ഷുല്‍ വര്‍മ എന്നിവരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. നിയമം ദുരുപയോഗം ചെയ്തു ഭര്‍ത്താക്കന്‍മാരെ പീഡിപ്പിക്കുന്ന ഭാര്യമാര്‍ക്കെതിരായ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഇത്തരമൊരു സംവിധാനം അത്യാവശ്യമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

പുരുഷ് ആയോഗ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതേ വിഷയം പാര്‍ലമെന്റിലും ഉന്നയിച്ചിട്ടുണ്ടെന്നും സമ്മേളനത്തില്‍ ഇവര്‍ വ്യക്തമാക്കി.ഭാര്യമാരില്‍നിന്നു കൊടും പീഡനമേല്‍ക്കുന്ന പുരുഷന്‍മാരുടെ എണ്ണം വളരെയധികമാണ്. കോടതികള്‍ക്കു മുന്‍പില്‍ പോലും ഇത്തരം കേസുകള്‍ കൂടുതലായി എത്തുന്നുണ്ട്. സ്ത്രീകള്‍ക്കു നീതി ഉറപ്പാക്കാന്‍ നിയമങ്ങളും മറ്റു സംവിധാനങ്ങളുമുണ്ട്. എന്നാല്‍, പുരുഷന്‍മാരുടെ കാര്യത്തില്‍ ഇതില്ല. ദേശീയ വനിതാ കമ്മിഷന്റെ മാതൃകയില്‍ പുരുഷന്‍മാര്‍ക്കായും ഒരു വേദി വേണം - യോഗത്തില്‍ സംസാരിക്കവെ രാജ്ബര്‍ ആവശ്യപ്പെട്ടു.

എല്ലാ സ്ത്രീകളും തെറ്റുകാരാണെന്നോ എല്ലാ പുരുഷന്‍മാരും തെറ്റുകാരാണെന്നോ ഞാന്‍ പറയില്ല. എന്നാല്‍, മറ്റുള്ളവരെ അനാവശ്യമായി ദ്രോഹിക്കുന്ന ആളുകള്‍ രണ്ടു വിഭാഗങ്ങളിലുമുണ്ട്. അതുകൊണ്ടുതന്നെ പുരുഷന്‍മാരുടെ വിഷമതകള്‍ കേള്‍ക്കാനും പരിഹരിക്കാനും വേദി കൂടിയേ തീരൂ. പാര്‍ലമെന്റിലും ഈ വിഷയം ഞാന്‍ ഉന്നയിച്ചിട്ടുണ്ട് രാജ്ബര്‍ കൂട്ടിച്ചേര്‍ത്തു.

1998നും 2015നും ഇടയില്‍ ഇന്ത്യയിലാകെ 27 ലക്ഷം പുരുഷന്‍മാരാണു സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ മൂലം അറസ്റ്റിലായതെന്ന് അന്‍ഷുല്‍ വര്‍മ ചൂണ്ടിക്കാട്ടി. സമത്വത്തിനു വേണ്ടിയാണു തങ്ങള്‍ വാദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കേസുകളില്‍ പുരുഷന്‍മാര്‍ക്കും നിയമത്തിന്റെ പരിരക്ഷ കിട്ടിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നു ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ അഭിപ്രായപ്പെട്ടു. എന്നാല്‍, പുരുഷന്‍മാര്‍ക്കായി ഒരു കമ്മിഷന്‍ വേണമെന്നു തനിക്കു തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ പരാതിയുമായെത്തുന്ന പുരുഷന്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നു വനിതാ, ശിശുക്ഷേമ വകുപ്പുമന്ത്രി മേനക ഗാന്ധി വ്യക്തമാക്കി. ഇത്തരം പുരുഷന്‍മാരുടെ പരാതി സ്വീകരിക്കാന്‍ മാത്രമായി വനിതാ കമ്മിഷന്റെ ഓണ്‍ലൈന്‍ കംപ്ലയിന്റ് സംവിധാനത്തില്‍ ക്രമീകരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com