ഒരു ചോദ്യപേപ്പറിന് വില ഏഴ് ലക്ഷം ;  യുപിയില്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ പേപ്പര്‍ ചോര്‍ന്നു, 11 പേര്‍ പിടിയില്‍

സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു
ഒരു ചോദ്യപേപ്പറിന് വില ഏഴ് ലക്ഷം ;  യുപിയില്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ പേപ്പര്‍ ചോര്‍ന്നു, 11 പേര്‍ പിടിയില്‍

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ കമ്മീഷന്റെ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഞായറാഴ്ച രാവിലെ നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ഇതേത്തുടര്‍ന്ന് അധികൃതര്‍ പരീക്ഷ മാറ്റിവെച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. ചോര്‍ന്ന ചോദ്യപേപ്പര്‍ ഏഴു ലക്ഷം രൂപയ്ക്കാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇവര്‍ വിറ്റതെന്ന് പൊലീസ് അറിയിച്ചു. പരീക്ഷയുടെ 15 മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. 

പ്രൈമറി സ്‌കൂള്‍ അധ്യാപകനായ സച്ചിന്‍ ചൗധരി എന്നയാളാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്നതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് അഭിഷേക് സിംഗ് പറഞ്ഞു. അഞ്ച് ഉദ്യോഗാര്‍ത്ഥികള്‍ അടക്കം 11 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.  മുഖ്യസൂത്രധാരന്‍ ചൗധരിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസെന്ന് അഭിഷേക് സിംഗ് അറിയിച്ചു. 

ട്യൂബ് വെല്‍ ഓപ്പറേറ്റര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. സംസ്ഥാനത്തെ 364 സെന്ററുകളില്‍ പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരുന്നത്. പുതിയ പരീക്ഷ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് യുപി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com