പ്ലാസ്റ്റിക് ബാഗുകളില്‍ കണ്ടെത്തിയത് നവജാത ശിശുക്കളുടെ മൃതദേഹമല്ല, രാസമാലിന്യങ്ങളെന്ന് പൊലീസ്

പ്രാഥമിക പരിശോധനയില്‍ ഇത് നവജാത ശിശുക്കളുടെ മൃതദേഹമാണെന്ന് പൊലീസ് അറിയിച്ചതോടെ സംഭവം വലിയ വിവാദമായിരുന്നു. ഗര്‍ഭച്ഛിദ്രം നടത്തുന്ന മാഫിയകളെ സംശയമുണ്ടെന്ന് പ്രാദേശിക പൊലീസ് പറയുകയും ചെയ്തു
പ്ലാസ്റ്റിക് ബാഗുകളില്‍ കണ്ടെത്തിയത് നവജാത ശിശുക്കളുടെ മൃതദേഹമല്ല, രാസമാലിന്യങ്ങളെന്ന് പൊലീസ്

കൊല്‍ക്കത്ത: സൗത്ത് കൊല്‍ക്കത്തയിലെ ഹരിദേബ്പൂരില്‍ നിന്നും പതിനാല് നവജാതശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് പൊലീസ്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത് ഡ്രൈ ഐസും രാസമാലിന്യങ്ങളുമായിരുന്നു എന്ന് വൈദ്യസംഘത്തിന്റെ പരിശോധനയില്‍ തെളിഞ്ഞതായി കൊല്‍ക്കൊത്ത സൗത്ത് വെസ്റ്റ് ഡിവിഷന്‍ ഡപ്യൂട്ടി കമ്മീഷണര്‍ നിലാഞ്ജന്‍ ബിശ്വാസ് പറഞ്ഞു. 

സ്ഥലം വൃത്തിയാക്കാനെത്തിയവരാണ് പതിനാല് പ്ലാസ്റ്റിക് കവറുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. ഇതോടെ കൗണ്‍സിലര്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയില്‍ ഇത് നവജാത ശിശുക്കളുടെ മൃതദേഹമാണെന്ന് പൊലീസ് അറിയിച്ചതോടെ സംഭവം വലിയ വിവാദമായിരുന്നു. ഗര്‍ഭച്ഛിദ്രം നടത്തുന്ന മാഫിയകളെ സംശയമുണ്ടെന്ന് പ്രാദേശിക പൊലീസ് പറയുകയും ചെയ്തു. 

നഴ്‌സിങ് ഹോമുകള്‍ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചതിന് പിന്നാലെ വൈദ്യസംഘത്തിന്റെ പരിശോധന റിപ്പോര്‍ട്ട് വന്നതായി ഉന്നത പൊലീസ് സംഘം വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ് എന്നും രാസമാലിന്യം തള്ളിയവരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പിടികൂടാനാവും എന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം പൊലീസിന്റെ നടപടിയില്‍ വൈരുധ്യമുണ്ടെന്നും സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രാദേശിക ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com