രാജസ്ഥാനിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ കുടുംബങ്ങൾക്കും സ്മാർട്ഫോൺ
By സമകാലിക മലയാളം ഡെസ്ക് | Published: 04th September 2018 10:37 PM |
Last Updated: 04th September 2018 10:37 PM | A+A A- |

ജയ്പുർ: നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് രാജസ്ഥാൻ. ഇതിനിടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും സ്മാർട്ട് ഫോൺ വാഗ്ദാനം ചെയ്ത് വസുന്ധര രാജെയുടെ ബിജെപി സർക്കാർ. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ (എൻഎഫ്എസ്എ) കീഴിൽ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഇന്റർനെറ്റ് സംവിധാനത്തോടെ സ്മാർട്ട് ഫോണുകൾ സൗജന്യമായി നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം.
എൻഎഫ്എസ്എ ഗുണഭോക്താക്കൾക്കാണ് ഫോൺ ലഭിക്കുന്നത്. കുടുംബത്തിലെ നാഥയായ സ്ത്രീക്കാണ് ഫോൺ ലഭിക്കുക. സംസ്ഥാനത്ത് എൻഎഫ്എസ്എയുടെ ഗുണഭോക്താക്കളായി 1.64 കോടി കുടുംബങ്ങളാണ് ഉള്ളത്.
ഫോൺ വാങ്ങാനുള്ള പണമാണ് സർക്കാർ നൽകുന്നത്. 1,000 രൂപയാണ് പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും അനുവദിച്ചിരിക്കുന്നത്. രണ്ട് തവണകളായി ഇത് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തും. ആദ്യ തവണ ലഭിക്കുന്ന 500 രൂപ ഫോൺ വാങ്ങാനുള്ളതാണ്. ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന സ്പെഷൽ ക്യാമ്പുകളിൽനിന്നാണ് ഫോൺ വാങ്ങേണ്ടത്. രണ്ടാമത്തെ തവണയായി ലഭിക്കുന്ന തുക ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനും സർക്കാർ നിർദേശിക്കുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനുമാണ്.