അര്‍ണബിന്റെ ആക്രോശങ്ങള്‍ക്ക് പണികിട്ടി; അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഫുള്‍ സ്‌ക്രീനില്‍ മാപ്പ് എഴുതിക്കാണിക്കണം

ചാനല്‍ ചര്‍ച്ചക്കിടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ റിപ്പബ്ലിക്ക് ടിവി പരസ്യമായി മാപ്പ് ഫുള്‍ സ്‌ക്രീനില്‍ എഴുതി കാണിക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി
അര്‍ണബിന്റെ ആക്രോശങ്ങള്‍ക്ക് പണികിട്ടി; അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഫുള്‍ സ്‌ക്രീനില്‍ മാപ്പ് എഴുതിക്കാണിക്കണം

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ റിപ്പബ്ലിക്ക് ടിവി പരസ്യമായി മാപ്പ് ഫുള്‍ സ്‌ക്രീനില്‍ എഴുതി കാണിക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി (എന്‍.ബി.എസ്.എ) യുടെ ഉത്തരവ്. റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫായ അര്‍ണബ് ഗോസ്വാമിയും മാപ്പ് പറയണം. 

ഫുള്‍ സ്‌ക്രീനില്‍ മാപ്പ് എഴുതി കാണിക്കാനാണ് എന്‍.ബി.എസ്.എ അര്‍ണബിനോടും റിപ്പബ്ലിക് ചാനലിനോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 14ന് രാത്രി ഒന്‍പത് മണിക്ക് ചാനലിലെ പ്രതിദിന വാര്‍ത്താ പരിപാടി തുടങ്ങുന്നതിന് മുന്‍പ് ഫുള്‍ സ്‌ക്രീനില്‍, വലിയ അക്ഷരങ്ങളില്‍ ഖേദപ്രകടനം നടത്തണം.

സമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനും എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടത്തിയ റാലിക്കെതിരെ ജിഗ്‌നേഷ് ഫ്‌ളോപ്പ് ഷോ എന്ന തലക്കെട്ടില്‍ നടത്തിയിരുന്ന ചര്‍ച്ചക്കിടെയാണ് അര്‍ണബ് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. അധിക്ഷേപത്തിന് ഇരകളായ എ സിങ്, ഭാര്യ പ്രതിഷ്ഠാ സിങ് എന്നിവര്‍ സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് എന്‍.ബി.എസ്.എയുടെ ഉത്തരവ്. 
 
ഈ റാലിക്കിടെ റിപ്പബ്ലിക് ചാനലിന്റെ വനിതാ റിപ്പോര്‍ട്ടറെ അപമാനിച്ചു എന്നാരോപിച്ചാണ് എ സിങ്, ഭാര്യ പ്രതിഷ്ഠാ സിങ് എന്നിവര്‍ക്കെതിരെ അര്‍ണബ് മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. ആഭാസനെന്നും ഞരമ്പ് രോഗിയെന്നും കാമഭ്രാന്തനെന്നും രാജ്യദ്രോഹിയെന്നുമടക്കം അത്യന്തം അധിക്ഷേപകരമായ വാക്കുകളാണ് അര്‍ണബ് പരിപാടിയില്‍ ഉപയോഗിച്ചത്. എ സിങിനേയും ഭാര്യയേയും വൃത്തത്തിനുള്ളിലാക്കി വീണ്ടും സ്‌ക്രീനില്‍ കാണിക്കൂ, ഈ നിലവാരം കുറഞ്ഞ, വൃത്തികെട്ട ഇന്ത്യന്‍ ഗുണ്ടകളെ പുറത്ത് കാണിക്കൂ എന്നും ഷോക്കിടെ അര്‍ണബ് ആക്രോശിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ തെറ്റുകാരല്ലെന്നും അര്‍ണബ് തങ്ങളെ അധിക്ഷേപിച്ചതിന് മാപ്പ് പറയണം എന്നും ആവശ്യപ്പെട്ട് ദമ്പദികള്‍ എന്‍.ബി.എസ്.എയ്ക്ക് പരാതി നല്‍കിയതോടെയാണ് ചാനല്‍ കുടുങ്ങിയത്. 

തന്റെ ഷോ ആണെന്നും താന്‍ സൗകര്യമുള്ളത് പറയുമെന്നുമുള്ള അര്‍ണബിന്റെ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് തീരുമാനം. നേരത്തെയും ഇത്തരം അപകീര്‍ത്തികരമായ വാക്കുകള്‍ അര്‍ണബിനെ തിരിഞ്ഞു കൊത്തിയിരുന്നു. ടൈംസ് നൗ ചാനലില്‍ ജോലി ചെയ്യുന്ന കാലത്ത് മാപ്പിനൊപ്പം 50,000 രൂപ പിഴയുമൊടുക്കേണ്ടി വന്നിട്ടുണ്ട്. ആംആദ്മി പ്രവര്‍ത്തകന്‍ ജസ്ലീന്‍ കൗറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സര്‍വജീത് എന്ന ചെറുപ്പക്കാരനെ ലൈംഗിക വൈകൃതമുള്ളവന്‍ എന്ന് വിളിച്ചതിനാണ് അന്ന് എന്‍.ബി.എസ്.എ അര്‍ണബിനും ചാനലിനും എതിരെ നടപടിയെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com