ഗൗരി ലങ്കേഷിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്; കൊലപാതകി പരശുറാമെന്ന് പൊലീസ്

ശ്രീറാം സേന പ്രവര്‍ത്തകനായ പരശുറാം വാഗ്മൂറയാണ് ഗൗരിയെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് ഫോറന്‍സിക് പരിശോധനകളില്‍ നിന്ന് തെളിഞ്ഞതായി അന്വേഷണ സംഘം
ഗൗരി ലങ്കേഷിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്; കൊലപാതകി പരശുറാമെന്ന് പൊലീസ്

ബംഗലുരു: മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് രാത്രി എട്ടുമണിയോടെയാണ് വീടിന് മുന്നില്‍ വച്ച് ഗൗരി ലങ്കേഷ് ഹിന്ദു തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ശ്രീറാം സേന പ്രവര്‍ത്തകനായ പരശുറാം വാഗ്മൂറയാണ് ഗൗരിയെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് ഫോറന്‍സിക് പരിശോധനകളില്‍ നിന്ന് തെളിഞ്ഞതായി അന്വേഷണ സംഘം വെളിപ്പെടുത്തി.

സിസി ടിവി ദൃശ്യങ്ങള്‍ വച്ചായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ക്യാമറയില്‍ പതിഞ്ഞ ദൃശ്യം ഇയാളോട് സാദൃശ്യമുള്ളതായി തോന്നിയതിനെ തുടര്‍ന്നാണ് അന്വേഷണം പരശുറാമിലേക്ക് കേന്ദ്രീകരിച്ചത്. ഫോറന്‍സിക് പരിശോധന ഫലം പുറത്ത് വന്നത് കേസില്‍ നിര്‍ണായക മാറ്റം ഉണ്ടാക്കുമെന്ന് പൊലീസ് പറഞ്ഞു. വിജയപുരയില്‍ നിന്ന് പിടിച്ചെടുത്ത തോക്കിന്റെ ഫോറന്‍സിക് ഫലം കൂടി അനുകൂലമായാല്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാനാകുമെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 

നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി എന്നിവര്‍ക്ക് പിന്നാലെയായിരുന്നു ഗൗരിയുടെയും കൊലപാതകം. ഈ വധങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ സംഘമാണ് എന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഗൗരിവധക്കേസിലെ രണ്ട് പ്രതികളെ സിബിഐ ധാബോല്‍ക്കര്‍ വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

 പരശുറാം വാഗ്മൂറയ്ക്ക് ബൈക്ക് വില്‍പ്പന നടത്തിയ ആളെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സെപ്തംബര്‍ നാലിന് ഗൗരിയെ വധിക്കാനാണ് പദ്ധതിയിട്ടിരുന്നത് എങ്കിലും അന്ന് നടന്നില്ലെന്നും രണ്ട് സംഘങ്ങളെ ഗൗരിയെ കൊലപ്പെടുത്തുന്നതിനായി തീവ്രഹിന്ദു സംഘടനകള്‍ നിയോഗിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 

പരശുറാം ഉള്‍പ്പടെ 12 പേരാണ് ഇതിനകം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. സനാതന്‍ സന്‍സ്ഥയുടെയും ഹിന്ദു ജാഗരണ്‍ സമിതിയുടെയും പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com