മോദി നയങ്ങള്‍ക്കെതിരെ ചെങ്കടലായി ഡല്‍ഹി; റാലിയില്‍ ലക്ഷങ്ങള്‍

കിസാന്‍സഭയും സിഐടിയുവും കര്‍ഷകത്തൊഴിലാളി യൂണിയനും യോജിച്ചാണ് റാലി സംഘടിപ്പിക്കുന്നത്
മോദി നയങ്ങള്‍ക്കെതിരെ ചെങ്കടലായി ഡല്‍ഹി; റാലിയില്‍ ലക്ഷങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് മാര്‍ച്ചിന് തുടക്കമായി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. 

കിലോമീറ്റര്‍ അകലെയുള്ള രാംലീല മൈതാനിയില്‍നിന്ന്  രാവിലെ ഒമ്പതിന്  തന്നെ പാര്‍ലമെന്റിലേക്കുള്ള റാലിക്ക് തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തിച്ചേര്‍ന്ന  ലക്ഷക്കണക്കിന് കര്‍ഷകരും തൊഴിലാളികളും മോഡിസര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങളുമായി ചെങ്കൊടിയുമേന്തി തെരുവിലൂടെ നീങ്ങുകയാണ്. 'ഒന്നുകില്‍ നയംമാറ്റം അല്ലെങ്കില്‍ സര്‍ക്കാര്‍ മാറ്റം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലിയുടെ ഭാഗമാകുന്നതിനായി കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് പതിനായിരങ്ങളാണ് ഡല്‍ഹിയിലേക്ക് ഇന്നലെതന്നെ എത്തിചേര്‍ന്നത്.  

കിസാന്‍സഭയും സിഐടിയുവും കര്‍ഷകത്തൊഴിലാളി യൂണിയനും യോജിച്ചാണ് റാലി സംഘടിപ്പിക്കുന്നത്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സ്‌കൂള്‍ അധ്യാപകര്‍, തപാല്‍ ടെലികോം ജീവനക്കാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളുടെ പിന്തുണയും പ്രാതിനിധ്യവും റാലിയിലുണ്ട്.

മൂന്നുലക്ഷത്തോളംപേര്‍ അണിനിരക്കുന്ന  റാലി പാര്‍ലമെന്റിനുമുന്നില്‍ പൊതുയോഗത്തോടെ അവസാനിക്കും. കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള, സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ എന്നിവരാണ് മുന്‍നിരയില്‍നിന്നും പ്രക്ഷോഭം നയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com