അതു പ്രകൃതിവിരുദ്ധമല്ല: സ്വവര്‍ഗ രതി കുറ്റകരമല്ലെന്നു സുപ്രിം കോടതി; 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധം

ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള കാരണമാവരുത്. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര
അതു പ്രകൃതിവിരുദ്ധമല്ല: സ്വവര്‍ഗ രതി കുറ്റകരമല്ലെന്നു സുപ്രിം കോടതി; 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധം

ന്യൂഡല്‍ഹി: സ്വവര്‍ഗ രതി കുറ്റകരമാക്കുന്ന, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് സുപ്രിം കോടതി റദ്ദാക്കി. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന ലൈംഗിക ബന്ധം കുറ്റകരമായി കാണാനാവില്ലെന്ന് ചരിത്രപരമായ വിധിന്യായത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. 

ട്രാന്‍സ്‌ജെന്‍ഡറുകളും സ്വവര്‍ഗ ലൈംഗികത ഇഷ്ടപ്പെടുന്നവരും അടങ്ങുന്ന എല്‍ജിബിടി സമൂഹത്തിന് മറ്റുള്ളവരുടേതിനു തുല്യമായ അവകാശങ്ങളാണുള്ളതെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക ആഭിമുഖ്യത്തിന്റെ പേരില്‍ ഒരാളോടു വിവേചനം കാണിക്കുന്നത് ഭരഘടനാ തത്വങ്ങള്‍ക്കു വിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന് എതിരാണ്. ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള കാരണമാവരുത്. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിന്യായത്തില്‍ പറഞ്ഞു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ ചീഫ് ജസ്റ്റിസിന്റെ വിധിന്യായത്തില്‍ ഒപ്പുവച്ചപ്പോള്‍ മറ്റു മൂന്നു ജഡ്ജിമാരും വ്യത്യസ്ത വിധിന്യായങ്ങള്‍ എഴുതി.

പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന ലൈംഗിക ബന്ധം കുറ്റകരമല്ലെന്നു വ്യക്തമാക്കിയ കോടതി, 377ാം വകുപ്പില്‍ തന്നെ പറയുന്ന മൃഗങ്ങളുമായുള്ള ലൈംഗിക വേഴ്ചയെ ഉത്തരവില്‍ ഒഴിവാക്കിയിട്ടുണ്ട്. മൃഗങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്നത് കുറ്റകരമായി തുടരും. 

സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്നത് വിക്ടോറിയന്‍ സദാചാരമാണെന്നു കുറ്റപ്പെടുത്തിയ കോടതി സമൂഹത്തിന്റെ സദാചാരത്തിന്റെ പേരില്‍ ഭരണഘടനാ സദാചാരം അട്ടിമറിക്കാനാവില്ലെന്നു വ്യക്തമാക്കി. എല്‍ജിബിടി സമൂഹത്തിന് ലൈംഗിക ആഭിമുഖ്യം നിഷേധിക്കുന്നത് അവരുടെ പൗരത്വത്തിന്റെ തന്നെ നിഷേധമാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. അവരുടെ സ്വകാര്യതയെ ലംഘിക്കുകയാണ് 377ാം വകുപ്പ് ചെയ്യുന്നത്. സ്വവര്‍ഗത്തോടുള്ള ലൈംഗിക ആഭിമുഖ്യം മാനസിക രോഗമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു. 

ലൈംഗികതയുടെ പേരില്‍ ഒരു സമൂഹത്തെ ഒറ്റപ്പെടുത്തിയതിനും വിചേനത്തിന് ഇരയാക്കിയതിനും ചരിത്രം മാപ്പു പറയേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിധിന്യായത്തില്‍ പറഞ്ഞു. 

എല്‍ജിബിടി സമൂഹവുമായി ബന്ധപ്പെട്ട, നിലവിലുള്ള എല്ലാ കേസുകളിലും ഈ വിധിന്യായം പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com