ഭീകരവാദം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായാല്‍ ഇന്ത്യന്‍ സൈന്യം ' നീരജ് ചോപ്രയെ പോലെ'യാകും ; കരസേനാ മേധാവി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th September 2018 10:45 AM  |  

Last Updated: 06th September 2018 10:45 AM  |   A+A-   |  


ന്യൂഡല്‍ഹി:  അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ഭീകരവാദം  നിര്‍ത്താന്‍ പാകിസ്ഥാന്‍ തയ്യാറാവുന്ന കാലത്ത് ഇന്ത്യന്‍ സൈന്യം നീരജ് ചോപ്രയെ പോലെയാകുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഏഷ്യന്‍ ഗെയിസില്‍ ജാവലിനില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരമായ നീരജ് ചോപ്ര വിക്ടറി സ്റ്റാന്‍ഡില്‍ വച്ച് വെങ്കല ജേതാവായ പാക് താരത്തെ അഭിനന്ദിച്ചിരുന്നു. ഈ ചിത്രം സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു. 

സൈന്യത്തില്‍ നിന്നും ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത് മെഡല്‍ നേടിയ കായിക താരങ്ങളെ അനുമോദിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സൈനിക മേധാവിയുടെ ഈ പ്രതികരണം. 2017 മുതല്‍ അതിര്‍ത്തിയിലെ സ്ഥിതി മുന്‍വര്‍ഷങ്ങളെക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ നന്നാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗെയിംസ് വേദിയില്‍ കണ്ട സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് അതിര്‍ത്തിയിലുണ്ടാകുമോ എന്ന ചോദ്യത്തിനാണ് ആദ്യം പാകിസ്ഥാന്‍ അതിന് തയ്യാറാവട്ടെ എന്ന മറുപടി അദ്ദേഹം നല്‍കിയത്. 

 അതിര്‍ത്തിയില്‍ ഭീകരവാദം വര്‍ധിക്കുന്നുവെന്നും സ്ഥിതി വഷളാണ് എന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും തെറ്റായ വിവരങ്ങളാണ് മാധ്യമങ്ങള്‍ പുറത്ത് വിടുന്നത്. കശ്മീരില്‍ നിന്നും യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.