മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ്; അഞ്ച് മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ 12 വരെ നീട്ടി

മാവോയിസ്റ്റ് ബന്ധമാരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ ഈ മാസം 12 വരെ നീട്ടി
മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ്; അഞ്ച് മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ 12 വരെ നീട്ടി

ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ ഈ മാസം 12 വരെ നീട്ടി. കവി വരവരറാവു, ഗൗതം നാവ് ലാഖ, സുധ ഭരദ്വാജ്, അരുൺ ഫെരേര, വെർനൺ ഗൊൺസാൽവസ് എന്നിവരെയാണ് പൊലീസ് കഴിഞ്ഞാഴ്ച അറസ്റ്റ് ചെയ്തത്. ഇവരെ വീട്ടുതടങ്കലിൽ വച്ചാൽ മതിയെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അറസ്റ്റ് ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ 12നു തുടർവാദം നടക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭീമ കൊറേഗാവിൽ കഴിഞ്ഞ ജനുവരിയിലുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകർക്കെതിരായ നടപടി. 

വീട്ടു തടങ്കൽ മൂലം, ആരോപണവിധേയരുടെ സഞ്ചാരസ്വാതന്ത്ര്യം മാത്രമാണ് തടയാനായതെന്നും അവർക്കിപ്പോഴും മറ്റിടങ്ങളിലുള്ള തെളിവുകൾ നശിപ്പിക്കാനും കൂട്ടു പ്രതികളാകാൻ സാധ്യതയുള്ളവർക്ക് മുന്നറിയിപ്പു നൽകാനും കഴിയുമെന്നും കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പൊലീസ് വ്യക്തമാക്കി. സർക്കാരിനെതിരെ നിലകൊണ്ടതിനല്ല ഇവരെ അറസ്റ്റ് ചെയ്തതെന്നും മറിച്ച് നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) യുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കലാപം സൃഷ്ടിച്ചും പൊതുമുതൽ നശിപ്പിച്ചും സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള മാവോയിസ്റ്റ് പദ്ധതികളിലും തയാറെടുപ്പുകളിലും ഇവർക്ക് സജീവ പങ്കാളിത്തമുണ്ടെന്നാണ് സൂചനകൾ. കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ചിട്ടുള്ള തെളിവുകൾ പരിശോധിച്ചാൽ ഇത് മനസിലാകുമെന്നും പൊലീസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com