രാജ്യത്ത് ഇന്ധനവില കുറയും: ചരിത്ര പ്രഖ്യാപനവുമായി പ്രധാനമന്ത്രി

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധനവും അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം കുറഞ്ഞതുമാണ് പെട്രോള്‍ വില വര്‍ദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 
രാജ്യത്ത് ഇന്ധനവില കുറയും: ചരിത്ര പ്രഖ്യാപനവുമായി പ്രധാനമന്ത്രി


ഡല്‍ഹി: അമിതമായ ഇന്ധനവിലക്കയറ്റത്തെ തുടര്‍ന്ന്  രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് കോണ്‍ഗ്രസും ഇടത് സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധനവും അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം കുറഞ്ഞതുമാണ് പെട്രോള്‍ വില വര്‍ദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 

എന്നാല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന എക്‌സൈസ് നികുതിയും രാജ്യത്തെ പെട്രോള്‍ വില വര്‍ദ്ധനവിന് കാരണമാണ്. ഇതിന് അറുതി വരുത്താന്‍ പെട്രോള്‍, സീഡല്‍ ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്  കേന്ദ്രസര്‍ക്കാരെന്നാണ് വിലയിരുത്തല്‍. വിപണിയില്‍ വില ഇനിയും കൂടും. അന്താരാഷ്ട്ര വിപണിയിലേക്ക് ഇറാനില്‍ നിന്നുള്ള ക്രൂഡോയില്‍ വിതരണം കുറഞ്ഞതിനാല്‍ ഇനിയും വില കൂടുമെന്നാണ് വിലയിരുത്തല്‍. 

യുഎസ് ക്രൂഡ് വില കഴിഞ്ഞവാരം ബാരലിന് 69.80 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 77.64 ഡോളറിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വില ബാരലിന് 80 - 85 ഡോളറിലെത്തിച്ച് സ്ഥിരത നേടാനാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഉത്പാദക രാജ്യങ്ങളുടെ ശ്രമം. ഇത്, ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍, എല്‍പിജി ഉള്‍പ്പെടെയുള്ളവയുടെ വില കൂടുതല്‍ ഉയരാനിടവരുത്തും.

കേന്ദ്രസര്‍ക്കാരിന് 20,000 കോടി നഷ്ടം
ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 72ലേക്കെത്തിയത് ക്രൂഡോയില്‍ ഇറക്കുമതിച്ചെലവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേന്ദ്രസര്‍ക്കാരിന് 20,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 

ഇന്ധനത്തില്‍ നിന്നുള്ള നികുതി മുഖ്യ വരുമാന മാര്‍ഗമായതിനാലാണ് സംസ്ഥാനങ്ങളും എതിര്‍ക്കുന്നത്. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാലും ഉയര്‍ന്ന സ്‌ളാബായ 28 ശതമാനമായിരിക്കും നികുതി. ഇന്ധനവിലയില്‍ നിന്ന് 4550 ശതമാനം വരെ വരുമാനം നേടുന്ന മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് താങ്ങാനാവില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ കേന്ദ്രസര്‍ക്കാരിനെ ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

മോദിയുടെ ചരിത്ര പ്രഖ്യാപനം
2016 നവംബറില്‍ നോട്ടുനിരോധനം നടപ്പിലാക്കിയത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്ര പ്രഖ്യാപനത്തിലൂടെ പെട്രോള്‍, ഡീസല്‍ ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനം രാജ്യത്തെ അറിയിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ മുന്നൊരുക്കങ്ങള്‍ ഇതിനോടകം തന്നെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായും സൂചനയുണ്ട്. കേന്ദ്രമന്ത്രിമാര്‍ പോലും ഈ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയതും ശ്രദ്ധേയമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com