ജനപ്രീതിയില്‍ ഇളക്കം തട്ടാതെ ശിവരാജ്‌സിങ് ചൗഹാന്‍, ഭൂരിപക്ഷം പേരും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് സര്‍വ്വേ; കമല്‍നാഥിനെ മറികടന്ന് ജ്യോതിരാദിത്യ സിന്ധ്യ

തുടര്‍ച്ചയായി മധ്യപ്രദേശ്  ഭരിക്കുന്ന ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ സംസ്ഥാനത്ത് ഏറ്റവും ജനപ്രീതിയുളള നേതാവ് എന്ന് സര്‍വ്വേ
ജനപ്രീതിയില്‍ ഇളക്കം തട്ടാതെ ശിവരാജ്‌സിങ് ചൗഹാന്‍, ഭൂരിപക്ഷം പേരും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് സര്‍വ്വേ; കമല്‍നാഥിനെ മറികടന്ന് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: തുടര്‍ച്ചയായി മധ്യപ്രദേശ്  ഭരിക്കുന്ന ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ സംസ്ഥാനത്ത് ഏറ്റവും ജനപ്രീതിയുളള നേതാവ് എന്ന് സര്‍വ്വേ. സര്‍വ്വേയില്‍ പങ്കെടുത്ത 46 ശതമാനം പേരും ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനെ അനുകൂലിച്ചു. മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ മറികടന്ന് കോണ്‍ഗ്രസിലെ തന്നെ ജോതിരാദിത്യ സിന്ധ്യ,ശിവരാജ് സിങ് ചൗഹാന് പിന്നില്‍ സ്ഥാനം പിടിച്ചതായി ഇന്ത്യ ടുഡേ- ആക്‌സിസ്- മൈ ഇന്ത്യ സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആസന്നമായിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യത വര്‍ധിപ്പിക്കുന്നതാണ് സര്‍വ്വേ ഫലം. തുടര്‍ച്ചയായി സംസ്ഥാനഭരണം കൈയാളുന്ന ശിവരാജ് സിങ് ചൗഹാനില്‍ ജനങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് സര്‍വ്വേ റിപ്പോര്‍ട്ട്. 12,035 പേര്‍ പങ്കെടുത്ത സര്‍വ്വേയില്‍ 46 ശതമാനം പേരാണ് ശിവരാജ് സിങ് ചൗഹാന് പിന്നില്‍ അണിനിരന്നത്. 

ശിവരാജ് സിങ് ചൗഹാന് ഭീഷണി ഉയര്‍ത്തുന്ന കോണ്‍ഗ്രസിലെ ജോതിരാദിത്യസിന്ധ്യയ്ക്ക് ജനപ്രീതി വര്‍ധിച്ചുവരുന്നു എന്ന് സൂചന നല്‍കുന്നത് കൂടിയാണ് സര്‍വ്വേ കണക്കുകള്‍. 32 ശതമാനം പേരാണ് സിന്ധ്യയില്‍ വിശ്വാസം അര്‍പ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ എട്ടുശതമാനം പേര്‍ മാത്രമാണ് പിന്തുണച്ചത്.

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാനെ മുന്‍നിര്‍ത്തിയാണ് ബിജെപി  തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. തൊഴിലില്ലായ്മയും കാര്‍ഷിക പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. 41 ശതമാനം പേര്‍ ഈ സര്‍ക്കാര്‍ തന്നെ അധികാരത്തിലേറുന്നതിനെ അനുകൂലിക്കുമ്പോള്‍ 40 ശതമാനം പേര്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com