നാല് വര്‍ഷമായി യുവാക്കള്‍ കാത്തിരിക്കുകയാണ്, ആ രണ്ട് കോടി തൊഴിലവസരങ്ങള്‍ക്കായി; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്‌

നോട്ടു നിരോധനം, തൊഴില്‍ വിഷയങ്ങള്‍ എന്നിവയിലേക്ക് വിരല്‍ ചൂണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു
നാല് വര്‍ഷമായി യുവാക്കള്‍ കാത്തിരിക്കുകയാണ്, ആ രണ്ട് കോടി തൊഴിലവസരങ്ങള്‍ക്കായി; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്‌

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടു നിരോധനം, തൊഴില്‍ വിഷയങ്ങള്‍ എന്നിവയിലേക്ക് വിരല്‍ ചൂണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. 

ഇന്ത്യയില്‍ ഇപ്പോഴുള്ള സാഹചര്യം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന്റെ ഷെയ്ഡ്‌സ് ഓഫ് ട്രൂത്ത് എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദി സര്‍ക്കാരിനെതിരെ മന്‍മോഹന്‍ സിങ് ആഞ്ഞടിച്ചത്. 

നിങ്ങള്‍ വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലിനായി രാജ്യത്തെ യുവാക്കള്‍ നാല് വര്‍ഷമായി കാത്തിരിപ്പ് തുടരുകയാണ്. മോദി സര്‍ക്കാരിന്റെ നാല് വര്‍ഷം തൊഴിലവസരങ്ങളില്‍ ഇടിവുണ്ടായി. കാര്യമായ ആലോചന ഇല്ലാതെയാണ് നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയത്. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ നിക്ഷേപിച്ചിരിക്കുന്ന കോടി കണക്കിന് ഡോളറിന്റെ കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ പ്രത്യക്ഷത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. 

സ്ത്രീകളും ദളിതരും ന്യൂനപക്ഷങ്ങളുമെല്ലാം അരക്ഷിതാവസ്ഥയിലാണ് രാജ്യത്ത് ജീവിക്കുന്നത്. സംരക്ഷിക്കപ്പെടേണ്ട ജനാധിപത്യ മൂല്യങ്ങളെ ക്ഷയിപ്പിക്കുന്ന നിലപാടുകളാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com