ബിജെപി സംഘടനാ തെരഞ്ഞടുപ്പ് നീട്ടി; പൊതു തെരഞ്ഞടുപ്പ് അമിത് ഷായ്ക്ക് കീഴില്‍ തന്നെ

സംഘടനാ തെരഞ്ഞടുപ്പ് നീട്ടിവെക്കാന്‍ ബിജെപി ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനം - അമിത്ഷായുടെ നേതൃത്വത്തില്‍ ലോക്‌സഭാ തെരഞ്ഞടുപ്പിനെ നേരിടും 
ബിജെപി സംഘടനാ തെരഞ്ഞടുപ്പ് നീട്ടി; പൊതു തെരഞ്ഞടുപ്പ് അമിത് ഷായ്ക്ക് കീഴില്‍ തന്നെ

ന്യൂഡല്‍ഹി: സംഘടനാ തെരഞ്ഞടുപ്പ് നീട്ടിവെക്കാന്‍ ബിജെപി ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി. അമിത്ഷായുടെ നേതൃത്വത്തില്‍ ലോക്‌സഭാ തെരഞ്ഞടുപ്പിനെ നേരിടാനും യോഗം തീരുമാനിച്ചു. അടുത്തവര്‍ഷം ജനുവരിയില്‍ അധ്യക്ഷന്‍ എന്ന നിലയില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് ലോക്‌സഭാ തെരഞ്ഞടുപ്പിന് ശേഷം മതി സംഘടനാ തെരഞ്ഞടുപ്പെന്ന തീരുമാനം യോഗത്തിലുണ്ടായത്. 

അടുത്ത ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി കേവലഭൂരിപക്ഷം നേടുമെന്ന് ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ അമിത് ഷാ പറഞ്ഞു. പട്ടികജാതി വിഷയത്തില്‍ പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണ്. പ്രതിപക്ഷത്തിന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ മറുപടി നല്‍കുമെന്ന്് അമിത് ഷാ പറഞ്ഞു. വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തില്‍ സംസാരിക്കും. കേന്ദ്രമന്ത്രിമാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കന്നുണ്ട്. രണ്ടുദിവസത്തെ യോഗത്തില്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് അന്തിമരൂപമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരഞ്ഞെടുപ്പ് പടിവാതില്‍എത്തിനില്‍ക്കെ ബി.ജെ.പിക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. കോണ്‍ഗ്രസിന് പിന്നില്‍ പ്രതിപക്ഷകക്ഷികള്‍ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കുന്നത് ബിജെപിയുടെ അധികാരതുടര്‍ച്ചയ്ക്ക് തടസ്സമാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതുമറികടക്കാന്‍ എന്‍.ഡി.എ വിപുലീകരണമുണ്ടായേക്കും. പ്രാദേശികതലത്തില്‍ കൂടുതല്‍ കക്ഷികളെ കൂടെകൂട്ടാനായി ചില വിട്ടുവീഴ്ചകള്‍ക്കും ബി.ജെ.പി തയ്യാറായേക്കും. 

ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രിമാര്‍ക്കും സംസ്ഥാനനേതൃത്വത്തിനും ദേശീയഅധ്യക്ഷന്റെ കര്‍ശനനിര്‍ദേശമുണ്ട്. ഏറെ നിര്‍ണായകമായ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസിന്റെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തിയാകും പ്രചാരണം ഊര്‍ജിതമാക്കുക. അസം പൗരത്വ രജിസ്റ്റര്‍ മുന്‍നിര്‍ത്തി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും ഒറീസയിലും പ്രതിപക്ഷനീക്കങ്ങളെ തടയിടാനാകുമെന്ന് നേതൃത്വം വിശ്വസിക്കുന്നു. 

രാജ്യവ്യാപകമായി പൗരത്വരജിസ്റ്റര്‍ നടപ്പാക്കണമെന്നും പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. അടിക്കടിയുള്ള ഇന്ധനവിലവര്‍ധനവ് പിടിച്ചുനിര്‍ത്താനുള്ള നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ഇതോടൊപ്പം കേന്ദ്രമന്ത്രിമാരുടെ നാലുവര്‍ഷത്തെ പ്രവര്‍ത്തനവും യോഗം വിലയിരുത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com