ഇതെന്താ തമാശയാണോ? വാട്ട്‌സാപ്പ് വഴി ക്രിമിനല്‍ കേസിന്റെ വിചാരണ നടത്തിയതിനെതിരെ സുപ്രിം കോടതി

വീഡിയോ ക്വാളിറ്റി മോശമായതിനെ തുടര്‍ന്ന് വിധി വാട്ട്‌സാപ്പ് കോളിലൂടെ അറിയിക്കുകയായിരുന്നുവെന്നുമാണ് ജാര്‍ഖണ്ഡില്‍ നിന്നുമുള്ള അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. 
ഇതെന്താ തമാശയാണോ? വാട്ട്‌സാപ്പ് വഴി ക്രിമിനല്‍ കേസിന്റെ വിചാരണ നടത്തിയതിനെതിരെ സുപ്രിം കോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസിലെ വിചാരണ വാട്ട്‌സാപ്പ് വഴി നടത്തിയ കീഴ്‌ക്കോടതിക്ക് സുപ്രിംകോടതിയുടെ വിമര്‍ശനം. ഇത്തരത്തിലുള്ള 'തമാശ'കള്‍ എങ്ങനെയാണ് രാജ്യത്തെ കോടതികളില്‍ നടത്താന്‍ കഴിയുന്നതെന്ന് കോടതി ചോദിച്ചു. ജാര്‍ഖണ്ഡ് മുന്‍മന്ത്രിയും ഭാര്യയും പ്രതിയായ കേസിലെ വിചാരണയാണ് ഹാസാരിബാഗിലെ കീഴ്‌ക്കോടതി ജഡ്ജി വാട്ട്‌സാപ്പ് കോളിലൂടെ വിചാരണ നടത്തിയത്. 

2016 ലെ വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട കേസിലാണ് അന്ന് ജാര്‍ഖണ്ഡ് മന്ത്രിയായിരുന്ന യോഗേന്ദ്ര സാഹുവിനെയും ഭാര്യ നിര്‍മ്മലാ ദേവിയെയും പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം കോടതി ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഭോപ്പാലില്‍ തന്നെ താമസിക്കണമെന്നും കോടതി നടപടികള്‍ക്കായല്ലാതെ ജാര്‍ഖണ്ഡില്‍ പ്രവേശിക്കരുതെന്നും ജഡ്ജി വാട്ട്‌സാപ്പ് കോളിലൂടെയാണ് അറിയിച്ചതെന്ന് പ്രതികളായ യോഗേന്ദ്ര സാഹുവും ഭാര്യയും സുപ്രിംകോടതിയെ അറിയിക്കുകയായിരുന്നു. വാട്ട്‌സാപ്പ് കോളിലൂടെ നല്‍കിയ ഈ നിര്‍ദ്ദേശത്തെ അന്ന് തന്നെ എതിര്‍ത്തിരുന്നുവെങ്കിലും ജഡ്ജി അനുവദിച്ചില്ലെന്നും ഇവര്‍ സുപ്രിംകോടതിയെ ബോധിപ്പിച്ചു.

ഇത്തരം നടപടികള്‍ അംഗീകരിക്കാനാവാത്തതാണ് എന്നും കോടതിയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന നടപടിയാണ് ഉണ്ടായതെന്നും ജസ്റ്റിസുമാരായ എസ് എ ബോബ്ദെ, എല്‍ എന്‍ റാവു എന്നിവര്‍ പറഞ്ഞു. ഇതെന്തൊരു തരം വിധിയാണ് എന്നും തമാശകളിക്കുകയാണോ എന്നും കീഴ്‌ക്കോടതിക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് സുപ്രിംകോടതി ചോദിച്ചു.

എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഭോപ്പാലില്‍ ആയിരുന്ന യോഗേന്ദ്രയാദവിനെയും ഭാര്യയെയും വിചാരണ ചെയ്തതെന്നും പലപ്പോഴും വീഡിയോ ക്വാളിറ്റി മോശമായതിനെ തുടര്‍ന്ന് വിധി വാട്ട്‌സാപ്പ് കോളിലൂടെ അറിയിക്കുകയായിരുന്നുവെന്നുമാണ് ജാര്‍ഖണ്ഡില്‍ നിന്നുമുള്ള അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com