'ഏകാധിപതികളും കൊലയാളികളും എല്ലാകാലത്തും ഉണ്ട്, ഒരുസമയത്ത് അവര്‍ അജയ്യരാണെന്ന് തോന്നും, അവസാനം അവര്‍ തകരുക തന്നെ ചെയ്യും': സഞ്ജീവ് ഭട്ടിന്റെ ഭാര്യ 

സത്യത്തിലും നീതിയിലും താന്‍ വിശ്വസിക്കുന്നതായി ശ്വേത സഞ്ജീവ് ഭട്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു
'ഏകാധിപതികളും കൊലയാളികളും എല്ലാകാലത്തും ഉണ്ട്, ഒരുസമയത്ത് അവര്‍ അജയ്യരാണെന്ന് തോന്നും, അവസാനം അവര്‍ തകരുക തന്നെ ചെയ്യും': സഞ്ജീവ് ഭട്ടിന്റെ ഭാര്യ 

അഹമ്മദാബാദ്: ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന കേസില്‍ മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട് രംഗത്ത്. പൊലീസിനെയും നീതിന്യായവ്യവസ്ഥയെയും ദുരുപയോഗം ചെയ്ത് വ്യക്തിവിരോധം തീര്‍ക്കുന്നതില്‍ ചിലര്‍ വിജയിക്കുന്നതാണ് കണ്ടുവരുന്നത്. വിയോജിപ്പിന്റെ ശബ്ദങ്ങളെ അമര്‍ച്ച ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ സത്യത്തിലും നീതിയിലും താന്‍ വിശ്വസിക്കുന്നതായി ശ്വേത സഞ്ജീവ് ഭട്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

'ഏകാധിപതികളും കൊലയാളികളും എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ഒരുസമയത്ത് അവര്‍ അജയ്യരാണെന്നു തോന്നും. പക്ഷേ, അവസാനം അവര്‍ തകരുക തന്നെ ചെയ്യും' പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം വിമര്‍ശിച്ചിരുന്ന മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പൊലീസിനെയും ജുഡിഷ്യറിയെയും കൂട്ടുപിടിച്ചു സര്‍ക്കാര്‍ അദ്ദേഹത്തോടു പകപോക്കുകയാണെന്നു ശ്വേത ആരോപിക്കുന്നു.

ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായ കനത്ത പോരാട്ടമാണിത്. നിങ്ങളുടെ പിന്തുണയും പ്രാര്‍ഥനയും എന്നത്തേക്കാളും ആവശ്യമുള്ളത് ഇപ്പോഴാണ്. എങ്കില്‍ മാത്രമേ അദ്ദേഹത്തെ ജയില്‍മോചിതനാക്കാന്‍ കഴിയൂവെന്നും ശ്വേതയുടെ കുറിപ്പില്‍ പറയുന്നു. സഞ്ജീവ് ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ മഹാത്മാഗാന്ധിയുടെ പ്രശസ്തമായ വചനം ഉദ്ധരിക്കുമായിരുന്നെന്നും കുറിപ്പിലുണ്ട്. 'നിരാശ തോന്നുമ്പോള്‍ ഞാന്‍ ആ ചരിത്രത്തിലൂടെ ഏതു രീതിയിലാണു സത്യവും സ്‌നേഹവും എല്ലായ്‌പ്പോഴും വിജയം നേടിയതെന്നു ചിന്തിക്കും' സഞ്ജീവിന്റെ വാക്കുകളെ ഓര്‍ത്തെടുത്ത് ശ്വേത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്നു കാട്ടിയാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസില്‍ കുടുക്കിയെന്നാണു സഞ്ജീവിനെതിരായ പരാതി. ബനസ്‌കന്ദയില്‍ ഡിസിപിയായിരുന്ന സമയത്ത് 1998ലാണു കേസിനാസ്പദമായ സംഭവം നടന്നത്. 2002ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന തരത്തില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതു ഭട്ടായിരുന്നു. കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തികൂടിയായ അദ്ദേഹത്തെ, 2015ല്‍ പൊലീസ് സേനയില്‍നിന്നു പിരിച്ചുവിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com