വനിതാ പൊലീസും സ്റ്റേഷനില്‍ സുരക്ഷിതയല്ല; കൂട്ട ബലാത്സംഗത്തിന് ഇരയായി ഉദ്യോഗസ്ഥ

പൊലീസ് സ്‌റ്റേഷനുള്ളില്‍ വനിതാ ഹെഡ്ഡ് കോണ്‍സ്റ്റബിള്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ പലവാലിലുള്ള വനിതാ പൊലീസ് സ്‌റ്റേഷനിലാണ് സംഭവം
വനിതാ പൊലീസും സ്റ്റേഷനില്‍ സുരക്ഷിതയല്ല; കൂട്ട ബലാത്സംഗത്തിന് ഇരയായി ഉദ്യോഗസ്ഥ

ഫരീദാബാദ്: പൊലീസ് സ്‌റ്റേഷനുള്ളില്‍ വനിതാ ഹെഡ്ഡ് കോണ്‍സ്റ്റബിള്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ പലവാലിലുള്ള വനിതാ പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. 

വനിതാ ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളിലാരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. തനിക്കെതിരേ ഇത്തരത്തില്‍ നേരത്തെയും ആക്രമണങ്ങള്‍ നടന്നതായും സംഭവത്തെക്കുറിച്ച് പുറത്ത് പറയാതിരിക്കാന്‍ കത്തിചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിതാ കോണ്‍സ്റ്റബിള്‍ വ്യക്തമാക്കി. 

32 വയസുകാരിയായ ഹെഡ്ഡ് കോണ്‍സ്റ്റബിള്‍ 2014ലാണ് പലവാലില്‍ ജോലിക്കെത്തിയത്. ജോലി തുടങ്ങി നാല് വര്‍ഷത്തിനിടെ അല്‍വാല്‍പൂര്‍ സ്വദേശിയായ മിന്റോ എന്നറിയപ്പെടുന്ന ജൊഗിന്ദര്‍ എന്നയാള്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയിരുന്നുവെന്ന് സ്റ്റേഷന്‍ ചാര്‍ജുള്ള കമലാ ദേവി എന്ന ഉദ്യോഗസ്ഥ ചൂണ്ടിക്കാട്ടി. ഇയാളാണ് കത്തി കാട്ടി കൊലവിളി നടത്തിയതെന്നും അവര്‍ പറയുന്നു. 

ബലാത്സംഗത്തിന് ഇരയാകുന്നവര്‍ക്ക് നീതി വേഗത്തിലാക്കാന്‍ ഉദ്ദേശിച്ച് ഹരിയാന സര്‍ക്കാര്‍ അവതരിപ്പിച്ചതാണ് പൂര്‍ണമായും വനിതാ ഉദ്യോഗസ്ഥരുള്ള പൊലീസ് സ്റ്റേഷന്‍. അത്തരത്തിലൊരു പൊലീസ് സ്റ്റേഷനകത്ത് തന്നെയാണ് സംഭവം അരങ്ങേറിയത് എന്നതാണ് ശ്രദ്ധേയം. വനിതാ പോലീസുകാര്‍ പോലും സ്‌റ്റേഷനകത്ത് സുരക്ഷിതരല്ലെന്നതാണ് സംഭവം കാണിക്കുന്നത്. 

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം 2018 മെയ് 31 വരെ ഹരിയാനയില്‍ മാത്രം 70 കൂട്ടബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 2017 ല്‍ 1,238 പീഡന കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com