നാഷ്ണല്‍ ഹെറാള്‍ഡ് കേസ്; ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെതിരായ സോണിയയുടെയും രാഹുലിന്റെ ഹര്‍ജി കോടതി തള്ളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th September 2018 08:30 PM |
Last Updated: 10th September 2018 08:30 PM | A+A A- |
ന്യൂഡല്‍ഹി : നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ നികുതി റിട്ടേണ്‍ പുനഃപരിശോധിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. 2011-2012 സാമ്പത്തിക വര്‍ഷത്തെ നികുതി റിട്ടേണ്‍ പുനഃപരിശോധിക്കണമെന്ന് ആയിരുന്നു ആദായ നികുതി വകുപ്പിന്റെ ആവശ്യം.
ഈ കാലയളവില്‍ യങ് ഇന്ത്യാ കമ്പനി വഴി ലഭിച്ച വരുമാനത്തിന് നികുതി അടച്ചിട്ടില്ലെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നോട്ടീസ്. വകുപ്പിന് ഈ കാലയളവിലെ നികുതി രേഖകള്‍ പരിശോധിക്കാമെന്നും രാഹുലിനും സോണിയക്കും പരാതി ഉണ്ടെങ്കില്‍ ആദായ നികുതി വകുപ്പിനെ ബന്ധപ്പെടാനും കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ യങ് ഇന്തയാ കമ്പനിയില്‍ നിന്നും രാഹുല്‍ഗാന്ധിക്ക് യാതൊരു വരുമാനവും ലഭിച്ചിട്ടില്ലെന്നും അതിനാലാണ് നികുതി അടയ്ക്കാതിരുന്നതെന്നും വരുമാനം ഇല്ലാതെ നികുതി അടയ്‌ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഈ കാലയളവില്‍ നാഷ്ണല്‍ ഹെറാള്‍ഡ് രാഹുലും സോണിയയും ഏറ്റെടുത്തിരുന്നുവെന്നും ഇതില്‍ നിന്നുള്ള വരുമാനം മറച്ചുവച്ചുവെന്നും കാട്ടി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഹര്‍ജി നല്‍കിയിരുന്നത്. തങ്ങള്‍ നികുതിയടച്ചതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാനുള്ള നീക്കം തടയണമെന്നായിരുന്നു രാഹുലിന്റെയും സോണിയയുടെയും ആവശ്യം.