ബാബരി കേസ്: വിചാരണ കോടതി ജഡ്ജി റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രിം കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th September 2018 03:10 PM |
Last Updated: 10th September 2018 03:10 PM | A+A A- |
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ നിശ്ചിത സമയത്തിനുള്ളില്‍ എങ്ങനെ വിചാരണ പൂര്‍ത്തിയാക്കും എന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിചാരണ കോടതി ജഡ്ജിക്ക് സുപ്രിം കോടതി നിര്‍ദേശം. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരുള്‍പ്പെട്ട കേസില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ 2019 ഏപ്രില്‍ മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വിചാരണ എല്ലാ ദിവസവും തുടരണമെന്നും കോടതി നിര്‍ദേശമുണ്ട്.
ബാബറി മസ്ജിദ് തകര്‍ത്ത സംഭവം ' കുറ്റകൃത്യം' തന്നെയാണ് എന്നും ഭരണഘടനയുടെ മതേതര കെട്ടുറപ്പിനേറ്റ ക്ഷതമായിരുന്നു അതെന്നും കോടതി പറഞ്ഞു. കേസില്‍ അഡ്വാനിയുള്‍പ്പടെയുള്ള ബിജെപിയുടെമുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ക്രിമില്‍ ഗൂഢാലോചന കുറ്റം പുഃനസ്ഥാപിക്കണമെന്ന സിബിഐയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സുപ്രിം കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്.
വിചാരണാ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ ജഡ്ജിയെ മാറ്റരുതെന്നും സെഷന്‍സ് കോടതിക്ക് വിചാരണ നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ട് എന്ന് അറിയിക്കുമ്പോഴല്ലാതെ മറ്റൊരു കാരണം കൊണ്ടും വിചാരണ തീയതിയില്‍ മാറ്റം വരുത്തരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിന്റെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്റെ പ്രമോഷന്‍ തടഞ്ഞുവച്ചിരിക്കുകയാണന്ന് ചൂണ്ടിക്കാട്ടി, വിചാരണ കോടതി ജഡ്ജി എസ്‌കെ യാദവ് നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോഴത്തെ സുപ്രിം കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.