അമ്മ ഇന്ത്യന്‍ പൗരയല്ലെന്ന് അധികൃതര്‍, നിയമപോരാട്ടം നീണ്ടു; മനംനൊന്ത് മകന്‍ ജീവനൊടുക്കി

അമ്മ ഇന്ത്യന്‍ പൗരയല്ലെന്ന് അധികൃതര്‍, നിയമപോരാട്ടം നീണ്ടു; മനംനൊന്ത് മകന്‍ ജീവനൊടുക്കി
അമ്മ ഇന്ത്യന്‍ പൗരയല്ലെന്ന് അധികൃതര്‍, നിയമപോരാട്ടം നീണ്ടു; മനംനൊന്ത് മകന്‍ ജീവനൊടുക്കി

ഗുവാഹതി: അധികൃതര്‍ സംശയത്തിന്റെ നിഴലിലാക്കിയ സ്വന്തം അമ്മയുടെ പൗരത്വം ഉറപ്പിക്കുന്നതിനുള്ള നിയമ പോരാട്ടം നീണ്ടുപോവുന്നതില്‍ മനംമടുത്ത് യുവാവ് ജീവനൊടുക്കി. അസമിലെ ബക്‌സ ജില്ലയിലെ ബിനോയ് ചന്ദ് എന്ന മുപ്പത്തിയേഴുകാരനാണ് തൂങ്ങിമരിച്ചത്. 

ബിനോയിയുടെ മാതാവ് ശാന്തി ചന്ദിന്റെ ഇന്ത്യന്‍ പൗരത്വം സംശയത്തില്‍ തുടരുകയാണ്. പൗരത്വം സംശയത്തിലുള്ളവരുടെ പേരുകള്‍ പ്രത്യേക പട്ടികയിലാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ ചേര്‍ത്തിട്ടുള്ളത്. ഇവരുടെ വോട്ടര്‍ ഐഡിയില്‍ 'ഡി' എന്ന ടാഗ് ചേര്‍ത്തിട്ടുണ്ട്. ഫോറിന്‍ ട്രൈബ്യൂണല്‍ തീരുമാനമെടുക്കുന്നതുവരെ ഇവരെ വോട്ടുചെയ്യാന്‍ അനുവദിക്കില്ല. 1997ല്‍ തുടങ്ങിയ ഈ രീതി അനുസരിച്ച് അസമില്‍ ഒന്നേകാല്‍ ലക്ഷത്തോളം ഡി ടാഗ് വോട്ടര്‍മാരുണ്ടെന്നാണ് കണക്കാക്കുന്നത്.

അമ്മ ഇന്ത്യന്‍ പൗരയാണെന്ന്  ഉറപ്പിക്കാന്‍ ഫോറിന്‍ ട്രൈബ്യൂണലില്‍ കേസ് നടത്തിവരികയായിരുന്നു ബിനോയ്. സമീപത്തെ അരിമില്ലില്‍ ജോലി ചെയ്യുന്ന ബിനോയ് കൈയിലുള്ള പണമെല്ലാം ഇതിനായി ചെലവഴിച്ചെന്നാണ ്‌സമീപവാസികള്‍ പറയുന്നത്. ട്രൈബ്യൂണലില്‍ നിന്ന് അനുകൂല ഉത്തരവുണ്ടാവില്ലെന്നും കേസ് ഇനി ഹൈക്കോടതിയില്‍ നടത്തേണ്ടിവരുമെന്നുമുള്ള വിഷമത്തില്‍ ബിനോയ് തൂങ്ങിമരിച്ചതാവാനാണ് ഇടയെന്ന് അവര്‍ പറഞ്ഞു. 

അന്നന്നത്തെ ചെലവിനുള്ള വരുമാനം മാത്രം കിട്ടുന്ന ബിനോയിക്ക് തുടര്‍ന്നു കേസ് നടത്താനുള്ള പണം കൈയില്‍ ഇല്ലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍്ട്ടം ചെയ്യണമെങ്കില്‍ പോലും നാട്ടുകാര്‍ പിരിവിട്ട് പണം കണ്ടെത്തേണ്ടതുണ്ടെന്നാണ് അവര്‍ പറയുന്നത്. 

അസമില്‍ അടുത്തിടെ പുറത്തിറക്കിയ പൗരത്വ രജിസ്റ്ററില്‍ ശാന്തി ചന്ദിന്റെ പേരുണ്ടായിരുന്നില്ല. ബിനോയിയുടെ പേരും രജിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com