പ്രണയം, പ്രതികാരം, കൊലപാതകം; ഒരേസമയം രണ്ടുപേരോട് അടുപ്പം പുലര്‍ത്തിയ യുവതി രണ്ടിലൊരാളെ  കൊലപ്പെടുത്തി, മറ്റേയാള്‍ കൂട്ടുനിന്നു!

 സുഹൃത്തുക്കളായ രണ്ടു യുവാക്കൾക്ക് ഒരു യുവതിയോടു തോന്നിയ പ്രണയമാണ് കൊലപാതകത്തിൽ കലാശിച്ചത്
പ്രണയം, പ്രതികാരം, കൊലപാതകം; ഒരേസമയം രണ്ടുപേരോട് അടുപ്പം പുലര്‍ത്തിയ യുവതി രണ്ടിലൊരാളെ  കൊലപ്പെടുത്തി, മറ്റേയാള്‍ കൂട്ടുനിന്നു!

നോയിഡ: നാല് വർഷം മുൻപ് ഒരു ട്രെയിൽ യാത്രയിൽ തുടങ്ങിയ പരിചയമാണ് പ്രണയത്തിലേക്കും പിന്നീട് പ്രതികാരത്തിലേക്കും കടന്ന് ഒടുക്കം കൊലപാതകത്തിൽ അവസാനിച്ചത്.  സുഹൃത്തുക്കളായ രണ്ടു യുവാക്കൾക്ക് ഒരു യുവതിയോടു തോന്നിയ പ്രണയമാണ് കൊലപാതകത്തിൽ കലാശിച്ചത്. യുവാക്കളെ ഒരേ സമയം പ്രണയിച്ച യുവതി അതിലൊരാളെ രണ്ടാമന്‍റെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. 

ഡൽഹി – കത്തിഹാർ (ബിഹാർ) ട്രെയിൻ യാത്രയ്ക്കിടെയാണു സൈറ എന്ന 22കാരി സുഹൃത്തുക്കളായ റഹീം, ഇസ്രാഫില്‍ എന്നിവരുമായി പരിചയത്തിലാകുന്നത്. രണ്ടുപേർക്കും സൈറയോട് ഇഷ്ടം തോന്നിയെങ്കിലും ഇസ്രാഫിലിനോടായിരുന്നു യുവതിക്ക് പ്രണയം. തുടർന്ന് നോയിഡയില്‍ ഓട്ടോഡ്രൈവറായ ഇസ്രാഫിലും ദ്വാരകയില്‍ വീട്ടുജോലിക്കാരിയായ സൈറയും പ്രണയത്തിലായി. എന്നാൽ പ്രണയം വിവാഹത്തിലെത്തിയില്ല. രണ്ട് വര്‍ഷം മുമ്പ് ഇസ്രാഫില്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെ സൈറ റഹീമുമായി അടുത്തു.

വിവാഹശേഷവും ഇസ്രാഫിൽ സൈറയുമായുള്ള ബന്ധം തുടരുകയായിരുന്നു. പല സ്ഥലങ്ങളില്‍ വച്ചും ഇരുവരും രഹസ്യമായി കണ്ടു. രഹസ്യബന്ധം പ്രശ്‌നങ്ങളുണ്ടാക്കിയപ്പോള്‍ എല്ലാം അവസാനിപ്പിക്കാൻ സൈറ തീരുമാനിച്ചു. വിവരങ്ങൾ റഹീമിനെ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു ഇസ്രാഫിൽ. ഇതോടെ പിൻമാറ്റ തീരുമാനം സൈറ ഉപേക്ഷിച്ചു. വീണ്ടും പ്രശ്നങ്ങൾ തുടർന്നതോടെ വിവരങ്ങളെല്ലാം സൈറ റഹീമിനെ അറിയിച്ചു. തുടര്‍ന്ന് ഇസ്രാഫിലിനെ ഒഴിവാക്കാന്‍ സൈറയും റഹീമും ചേർന്ന് പദ്ധതിയിട്ടു. 

സൈറ ആവശ്യപ്പെട്ടപ്രകാരം നോയിഡ സിറ്റി സെന്റര്‍ മെട്രോ സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു ഇസ്രാഫിൽ. രാത്രി എട്ട്മണിക്ക് ശേഷം ഓട്ടോയുമായി എത്തിയ ഇസ്രാഫിലിനോടൊപ്പം സൈറ നോഡിയ എക്‌സ്പ്രസ് വേയിലേക്ക് പോയി. റഹീം ഇവരെ പിന്തുടർന്നിരുന്നു. അദ്വന്ത് ബിസിനസ് പാര്‍ക്കിന് സമീപം ഓട്ടോ നിര്‍ത്താൻ‌ ആവശ്യപ്പെട്ട സൈറ ഇസ്രാഫിലിനെ റോഡിലേക്ക് തള്ളിയിട്ട് ചുരിദാറിന്റെ ഷാള്‍ കൊണ്ട് കണ്ണുകള്‍ കെട്ടി. റഹീമിന്റെ നിര്‍ദേശപ്രകാരം കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ഇസ്രാഫിലിന്റെ കഴുത്തറുത്തു. പിന്നാലെയെത്തിയ റഹീം ഇഷ്ടികയെടുത്ത് ഇസ്രാഫിലിന്റെ തലയിലിടിച്ച് മരണം ഉറപ്പാക്കി. തുടര്‍ന്ന് ഇസ്രാഫിലിന്റെ ഓട്ടോയില്‍ തന്നെ ഇരുവരും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. 

ഇസ്രാഫിലിന്റെ ഭാര്യ ഭര്‍ത്താവിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നല്കിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. പരാതിയിൽ സൈറയ്ക്കുനേരെ സംശയം പ്രകടിപ്പിച്ചതും സംഭവസ്ഥലത്ത് നിന്ന് കിട്ടിയ ഷാളും അന്വേഷണത്തിൽ പ്രയോജനപ്പെട്ടു. കൊല നടത്താനുപയോ​ഗിച്ച കത്തിയും സംഭവസ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്തു. ഫോണ്‍ വിളികളും  സാഹചര്യത്തെളിവുകളും  അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണമാണ് സിനിമാക്കഥകളെ വെല്ലുന്ന കഥ പുറത്തുകൊണ്ടുവന്നത്. ഇരുവരും കുറ്റം ഏറ്റുപറഞ്ഞ് മൊളി നൽകിയെന്ന് നൊയിഡ പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com