ഡീസല്‍ 50 രൂപയ്ക്കും പെട്രോള്‍ 55 രൂപയ്ക്കും വില്‍ക്കാനാവും, പുതിയ പദ്ധതി മുന്നോട്ടുവച്ച് നിതിന്‍ ഗഡ്കരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th September 2018 10:34 AM |
Last Updated: 11th September 2018 10:34 AM | A+A A- |

റായ്പുര്‍: പെട്രോളിയം മന്ത്രാലയം സ്ഥാപിക്കുന്ന ജൈവ ഇന്ധന പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടെ രാജ്യത്ത് ഡീസല്‍ അന്‍പതു രൂപയ്ക്കും പെട്രോള്‍ അന്‍പത്തിയഞ്ചു രൂപയ്ക്കും നല്‍കാനാവുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ധന വില കുറയ്ക്കാന്‍ ജൈവ ഇന്ധന ഉത്പാദനത്തിലേക്ക് കര്‍ഷകരും ഗോത്രവര്‍ഗക്കാരും ആദിവാസികളുമെല്ലാം മാറുകയാണ് വേണ്ടതെന്ന് ഗഡ്കരി പറഞ്ഞു.
അഞ്ച് എഥനോള്‍ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് പെട്രോളിയം മന്ത്രാലയം പദ്ധതിയിട്ടിട്ടുള്ളത്. വൈക്കോല്‍, ഗോതമ്പു കച്ചി, കരിമ്പിന്‍ ചണ്ടി, മറ്റു മാലിന്യങ്ങള്‍ എന്നിവയില്‍നിന്ന് ഇന്ധനം ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതു പ്രവര്‍ത്തനക്ഷമമായാല്‍ രാജ്യത്ത് ഡീസല്‍ ലിറ്ററിന് അന്‍പതു രൂപയ്ക്കു വില്‍ക്കാനാവും. പെട്രോള്‍ വില അന്‍പത്തിയഞ്ചു രൂപയില്‍ എത്തിക്കാനാവുമെന്ന് ഗഡ്കരി അവകാശപ്പെട്ടു.
എട്ടു ലക്ഷം കോടി രൂപയുടെ പെട്രോളിയം ഇന്ധനമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഈ വില കൂടിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നു. ജൈവ ഇന്ധനത്തിലേക്കു മാറുകയാണ് ഇതിനുള്ള പ്രതിവിധി. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി താന്‍ ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നു. രാജ്യത്തെ കര്‍ഷകരും ഗോത്രവര്‍ഗക്കാരും ആദിവാസികളുമെല്ലാം ജൈവ ഇന്ധന ഉത്പാദനത്തിലേക്കു മാറണം. എഥനോള്‍, മെഥനോള്‍ തുടങ്ങി ജൈവ ഇന്ധനങ്ങള്‍ കൊണ്ട് വിമാനം വരെ പറത്താനാവും. ഛത്തിസ്ഗഢില്‍ കാട്ടാവണക്കില്‍നിന്ന് ഉത്പാദിപ്പിച്ച ജൈവന ഇന്ധനം ഉപയോഗിച്ച് അടുത്തിടെ ഡെറാഡൂണ്‍ മുതല്‍ ഡല്‍ഹി വരെ വിമാനം പറത്തിയത് ഗഡ്കരി ചൂണ്ടിക്കാട്ടി.
ജൈവ ഇന്ധനത്തിലേക്കു മാറുന്നതിലൂടെ സിഎന്‍ജിയെയും പെട്രോളിയം ഉത്പന്നങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കാനാവും. ഇതിലൂടെ പെട്രോള്‍, ഡീസല്‍ വില കുറയും. ജൈവ ഇന്ധനങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് റായ്പുരില്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കണമെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.