നിര്‍മാണം പൂര്‍ത്തിയായത് മൂന്ന് മാസം മുന്‍പ്; ആദ്യത്തെ മഴയില്‍ പാലം നിലംപതിച്ചു

ജൂണ്‍ 29 നാണ് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ ജനങ്ങള്‍ക്കായി പാലം തുറന്നു കൊടുക്കുന്നത്
നിര്‍മാണം പൂര്‍ത്തിയായത് മൂന്ന് മാസം മുന്‍പ്; ആദ്യത്തെ മഴയില്‍ പാലം നിലംപതിച്ചു


ഭോപ്പാല്‍: നിര്‍മാണം പൂര്‍ത്തിയായതിന് ശേഷമുള്ള ആദ്യത്തെ ശക്തമായ മഴയില്‍ പാലം തകര്‍ന്നു വീണു. മധ്യപ്രദേശില്‍ ഇന്നലെയാണ് സംഭവമുണ്ടായത്. കുനോ നദിയ്ക്ക് കുറുകെയുള്ള പാലം മൂന്ന് മാസം മുന്‍പാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ആദ്യത്തെ മഴയെ ചെറുത്തുനില്‍ക്കാനുള്ള കരുത്തുപോലും ഇതിനുണ്ടായിരുന്നില്ല. 7.78 കോടി മുതല്‍ മുടക്കില്‍ വികാസ് മോഡലിലാണ് പാലം പണിതത്. ശിവപുരി ജില്ലയിലെ പൊഹ്‌റിടെഹ്‌സിലിലാണ് അരക്കിലോമീറ്ററിലെ പാലം പൊളിഞ്ഞുപോയത്. 

മേഖലയില്‍ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ കുനോ അടക്കമുള്ള എല്ലാ നദികളും കരകവിഞ്ഞൊഴുകുകയാണ്. ജില്ലയില്‍ മാത്രം 500 ല്‍ അധികം ചെറിയ വീടുകള്‍ തകര്‍ന്നു വീണു. ഒരു വയസുള്ള കുട്ടി മരിക്കുകയും നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. 

ജൂണ്‍ 29 നാണ് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ ജനങ്ങള്‍ക്കായി പാലം തുറന്നു കൊടുക്കുന്നത്. മധ്യപ്രദേശിനേയും രാജസ്ഥാനേയും ബന്ധിപ്പിക്കുന്ന പാലം വികസനത്തോടുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയാണെന്നാണ് അന്ന് പറഞ്ഞത്. പാലം തകര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ല കളക്റ്റര്‍ ശില്‍പി ഗുപ്ത ഉത്തരവിട്ടു. ഉയര്‍ന്ന നിലവാരത്തിലാണ് പാലം പണിതതെന്നും എന്നാല്‍ വെള്ളം നാല് അടിയോളം ഉയര്‍ന്നതാണ് തകരാന്‍ കാരണമായതെന്നുമാണ് ബിജെപി നേതാവ് പറയുന്നത്. സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com