കരിമ്പ് കൃഷി വർധിച്ചാൽ പ്രമേഹം കൂടും: അതുകൊണ്ട് വേറെ വിളകളും കൃഷിചെയ്യണമെന്ന് യോഗി ആദിത്യനാഥ്
By സമകാലികമലയാളം ഡെസ്ക് | Published: 12th September 2018 10:32 PM |
Last Updated: 12th September 2018 10:32 PM | A+A A- |

ലഖ്നൗ: രാജ്യത്ത് കരിമ്പ് കൃഷി ചെയ്യുന്നത് വർധിച്ചാൽ പഞ്ചസാരയുടെ ഉപഭോഗവും അതിനൊപ്പം പ്രമേഹവും കൂടുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതുകൊണ്ട് കർഷകർ കരിമ്പ് മാത്രമല്ലാതെ മറ്റ് വിളകളും കൃഷി ചെയ്യണമെന്നാണ് യോഗി പറയുന്നത്. ഭാഗ്പതിൽ റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കരിമ്പ് കൃഷിക്ക് പ്രശസ്തമായ സ്ഥലമാണ് ഭാഗ്പത്.
ഡൽഹിയിലെ വിപണി ഇവിടുത്തെ ആളുകൾക്ക് ഏറ്റവും പ്രയോജനകരമാണ്. നിങ്ങൾ വിവിധതരത്തിലുള്ള പച്ചക്കറികളും മറ്റു വിളകളും കൃഷി ചെയ്താൽ അത് സംസ്ഥാനത്തിന് ഗുണകരമാകും. കർഷകരെയും പാവപ്പെട്ടവരെയും മുഖ്യധാരയിലേക്കു കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.