വീണ്ടും മന്ത്രവാദ കൂട്ടമരണം?; ബിസിനസുകാരനും കുടുംബവും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കറുത്ത ശക്തികളെന്ന് ആത്മഹത്യാ കുറിപ്പ് 

ഗുജറാത്തില്‍ ബിസിനസുകാരനും കുടുംബവും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍.
വീണ്ടും മന്ത്രവാദ കൂട്ടമരണം?; ബിസിനസുകാരനും കുടുംബവും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കറുത്ത ശക്തികളെന്ന് ആത്മഹത്യാ കുറിപ്പ് 

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിസിനസുകാരനും കുടുംബവും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. തന്റെയും ഭാര്യയുടെയും മകളുടെയും മരണത്തിന് കാരണം കറുത്ത ശക്തികളാണ് എന്ന് കുറ്റപ്പെടുത്തുന്ന ആത്മഹത്യാകുറിപ്പും സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.

അഹമ്മദാബാദില്‍ സമ്പന്നര്‍ താമസിക്കുന്ന പ്രദേശത്തെ സ്വന്തം വീട്ടിലാണ് ബിസിനസുകാരനായ കുനാല്‍ ത്രിവേദിയെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുനാല്‍ ത്രിവേദിയെ തൂങ്ങിമരിച്ച നിലയിലും, ഭാര്യ കവിത, 16 വയസുകാരിയായ ശ്രീന്‍ എന്നിവരെ കിടപ്പുമുറിയില്‍ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. 75കാരിയായ ത്രിവേദിയുടെ അമ്മ ഈ സമയം അബോധാവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ആവര്‍ത്തിച്ചുളള ഫോണ്‍വിളികള്‍ക്ക് മറുപടിയില്ലാതെ വന്നതില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. അവനി സ്‌കൈ അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തകര്‍ത്താണ് പൊലീസ് അകത്തുപ്രവേശിച്ചത്. ഭാര്യയെയും മകളെയും കൊന്നശേഷം ത്രിവേദി ആത്മഹത്യ ചെയ്തതാണോ അതോ പരസ്പരധാരണപ്രകാരം മൂവരും ആത്മഹത്യ ചെയ്തതാണോ എന്നി കാര്യങ്ങളാണ് പൊലീസ് പ്രാഥമികമായി അന്വേഷിക്കുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുളളുവെന്ന് പൊലീസ് പറയുന്നു.

ജയ്ശ്രീ ബെനിനെ അഭിസംബോധന ചെയ്ത് ഹിന്ദിയില്‍ എഴുതിയിരിക്കുന്ന മൂന്ന് പേജ് വരുന്ന ആത്മഹത്യാകുറിപ്പില്‍ കറുത്ത ശക്തികളാണ് ഈ ദുരന്തത്തിന് കാരണമെന്ന് വ്യക്തമാക്കുന്നു. എല്ലാവരും തന്നെ മദ്യപാനിയായി ചിത്രീകരിക്കുന്നു. എന്റെ സ്വന്തം ഇഷ്ടപ്രകാരം താന്‍ ഇതുവരെ മദ്യപിച്ചിട്ടില്ല. കറുത്ത ശക്തികള്‍ തന്റെ ദൗര്‍ബല്യത്തെ മുതലെടുത്തതായും കത്തില്‍ പറയുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ എച്ച് ബി വഗേല പറയുന്നു.

തന്നെ തുടക്കം മുതല്‍ അമ്മ മനസിലാക്കിയിരുന്നുവെങ്കില്‍ തന്റെ ജീവിതം മറിച്ചാകുമായിരുന്നു.തന്റെ നിഘണ്ടുവില്‍ ഇതുവരെ ഇല്ലാതിരുന്ന വാക്കാണ് ആത്മഹത്യ.പലപ്രാവശ്യം കറുത്ത ശക്തികളെ കുറിച്ച് താന്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ അമ്മ അത് വിശ്വസിക്കാന്‍ തയ്യാറായില്ലെന്നും കത്തില്‍ പറയുന്നു. സാമ്പത്തിക ബാധ്യതകള്‍ ഒന്നും ഇല്ലെന്ന് പറയുന്ന കത്തില്‍ ദുര്‍മന്ത്രവാദത്തെ കുറിച്ച് സൂചനയൊന്നുമില്ലെന്ന് പൊലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com