'അവര്‍ 11 പേരും മരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല' ; ബുരാരി കൂട്ട മരണത്തില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ട് പുറത്ത്

സൈക്കോളജിക്കല്‍ ഓട്ടോപ്‌സിയുടെ ഭാഗമായി ഫോറന്‍സിക് ലാബിലെ വിദഗ്ദ്ധ സംഘം അയല്‍വാസികളുടേയും ബന്ധുക്കളുടേയും മൊഴിയെടുത്തിരുന്നു
'അവര്‍ 11 പേരും മരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല' ; ബുരാരി കൂട്ട മരണത്തില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ട് പുറത്ത്


ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബൂരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണസംഘത്തിന് സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ട് ( മനഃശ്ശാസ്ത്ര പോസ്റ്റ് മോര്‍ട്ടം) ലഭിച്ചു. ഇന്നലെ വൈകീട്ടോടെയാണ് സിബിഐയുടെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്ന്, കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് ലഭിച്ചത്. മരിച്ച 11 അംഗ കുടുംബം ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ട് ലഭിച്ചശേഷം ക്രൈംബ്രാഞ്ച് ഡിസിപി ജോയ് ടിര്‍ക്കി വ്യക്തമാക്കി.

മരണത്തിന്റെ ദുരൂഹത നീക്കുന്നതിന് മരിച്ചവരുടെ മാനസിക നില സൂക്ഷമ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ജൂലായിലാണ്  ക്രൈംബ്രാഞ്ച് സംഘം സെന്‍ട്രല്‍ ഫോറന്‍സിക് ലാബിനെ സമീപിച്ചത്. സൈക്കോളജിക്കല്‍ ഓട്ടോപ്‌സിയുടെ ഭാഗമായി സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലെ മൂന്നംഗ വിദഗ്ദ്ധ സംഘം അയല്‍വാസികളുടേയും ബന്ധുക്കളുടേയും മൊഴിയെടുത്തിരുന്നു. മരിച്ച ഓരോരുത്തരെ കുറിച്ചും വ്യക്തിപരമായ പഠനവും നടത്തിയിരുന്നു. 

മരിച്ചു കിടന്ന വീട്ടില്‍ നിന്ന് പത്തോളം നോട്ടുപുസ്തകങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഓരോ പുസ്തകത്തിലും ഓരോരുത്തരെ കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം മനശാസ്ത്രജ്ഞര്‍ പരിശോധന നടത്തിയാണ് പോലീസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സംശയകരമായ ആത്മഹത്യകളിലും ദുരൂഹമരണങ്ങളിലുമാണ് സാധാരണ സൈക്കോളജിക്കല്‍ ഓട്ടോപ്‌സി നടത്താറുള്ളത്. ബുരാരി കുടുംബത്തിന്റെ കൂട്ട മരണം ആത്മഹത്യയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും പലതരത്തിലുള്ള ദുരൂഹതകളും നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് സൈക്കോളജിക്കല്‍ ഓട്ടോപ്‌സി നടത്താന്‍ തീരുമാനിച്ചത്. 

കഴിഞ്ഞ ജൂലൈ ഒന്നിനാണ്, 77 വയസ്സുള്ള നാരായണ ദേവി, മക്കളായ ഭുവനേഷ്, ലളിത്, ഇവരുടെ ഭാര്യമാരായ സവിത, ടീന, മകള്‍ പ്രതിഭ, പേരക്കുട്ടികളായ പ്രിയങ്ക, നിധി, മനേക, ധ്രുവ്, ശിവം എന്നിവര്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതില്‍ 10 പേരും തൂങ്ങി മരിച്ച നിലയിലായിരുന്നു. നാരായണ ദേവിയുടെ മൃതദേഹം കിടപ്പുമുറിയില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com