പെണ്‍കുട്ടികളെ ചെറിയ വസ്ത്രങ്ങളിടാന്‍ സമ്മതിക്കില്ല, ദേശദ്രോഹികളായ സഖാക്കളില്‍ നിന്നും രക്ഷിക്കും; ജെഎന്‍യുവില്‍ എബിവിപിയുടെ പോസ്റ്ററുകള്‍

സര്‍വകലാശാലയെ ദേശദ്രോഹികളായ സഖാക്കളില്‍ നിന്നും രക്ഷിക്കുമെന്ന് ജെഎന്‍യുവില്‍ പോസ്റ്ററുകള്‍.
പെണ്‍കുട്ടികളെ ചെറിയ വസ്ത്രങ്ങളിടാന്‍ സമ്മതിക്കില്ല, ദേശദ്രോഹികളായ സഖാക്കളില്‍ നിന്നും രക്ഷിക്കും; ജെഎന്‍യുവില്‍ എബിവിപിയുടെ പോസ്റ്ററുകള്‍

ന്യൂഡല്‍ഹി: സര്‍വകലാശാലയെ ദേശദ്രോഹികളായ സഖാക്കളില്‍ നിന്നും രക്ഷിക്കുമെന്ന് ജെഎന്‍യുവില്‍ പോസ്റ്ററുകള്‍. പെണ്‍കുട്ടികളുടെ ചെറിയ വസ്ത്രങ്ങള്‍ നിരോധിക്കുമെന്നും മാംസാഹരം വിതരണം ചെയ്യുന്ന ഭക്ഷണ ശാലകള്‍ പൂട്ടുമെന്നും ഉറപ്പുപറയുന്ന പോസ്റ്ററുകള്‍ക്ക് പിന്നില്‍ എബിവിപിയാണെന്ന് ആരോപണമുയരുന്നു. എന്നാല്‍ പോസ്റ്ററുകള്‍ പതിപ്പിച്ചത് തങ്ങളാണെന്ന ആരോപണം എബിവിപി നിഷേധിച്ചു. 

പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഇടത് സംഘടനകളാണെന്ന് എബിവിപി നേതാവ് സുരഭ് ശര്‍മ്മ പറഞ്ഞു. ജെഎന്‍യു തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 

പെണ്‍കുട്ടുകള്‍ക്ക് ഇന്ത്യന്‍ പാരമ്പര്യത്തിലധിഷ്ടിതമായ വസ്ത്രങ്ങള്‍ മാത്രമേ അനുവദിക്കുള്ളൂവെന്നും ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ കയറ്റില്ലെന്നും ബര്‍ത്ത് ഡേ പാര്‍ട്ടികള്‍ നിരോധിക്കുമെന്നും പോസ്റ്ററുകളില്‍ പറയുന്നു. ക്യാമ്പസിനകത്ത് വര്‍ധിച്ചുവരുന്ന ലൈംഗിക പീഡനങ്ങള്‍ തടയാനാണ് ഇതെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. 


ക്യാമ്പസിനെ തീവ്രവാദികളില്‍ നിന്നും ദേശദ്രോഹികളായ സഖാക്കളില്‍ നിന്നും രക്ഷിക്കുമെന്നാണ് മറ്റൊരു പോസ്റ്റര്‍. ഇടത് സംഘടനകളുടെ ചര്‍ച്ചകള്‍ സജീവമായി നടക്കുന്ന ഗംഗാ ധാബ ക്യാന്റീനില്‍ സമയക്രമം നടത്തുമെന്നാണ് മറ്റൊരു പോസ്റ്റര്‍. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എബിവിപി ശക്തമായ സാന്നിധ്യമറിയിച്ചിരുന്നെങ്കിലും ഇടത് സംഘടനകളാണ് വിജയിച്ചത്. എബിവിപിക്ക് എതിരെ ഇത്തവണ വിശാല ഇടത് സഖ്യമാണ് മത്സര രംഗത്തുള്ളത്. എഐഎസ്എ,എസ്എഫ്‌ഐ,ഡിഎസ്എഫ് എന്നിവര്‍ക്കൊപ്പം കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച എഐഎസ്എഫും സഖ്യത്തിലുണ്ട്. ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com