ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി 

15 മാസത്തെ ജയില്‍വാസത്തിന് ശേഷം ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപി സര്‍ക്കാര്‍ ജയില്‍ മോചിതനാക്കി 
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി 

ലഖ്‌നോ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ എന്ന രാവണെ യുപി സര്‍ക്കാര്‍ ജയിലില്‍ നിന്നും മോചിപ്പിച്ചു. സഹാരണ്‍പൂരില്‍ ജാതി കലാപം ഉയര്‍ത്തി വിട്ടതിനെ തുടര്‍ന്ന് 2017ല്‍ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ആസാദിനെ ജയിലിലടച്ചത്. വെള്ളിയാഴ്ച പുലര്‍ച്ച 2: 37നാണ് ആസാദ് ജയില്‍ മോചിതനായത്.

സഹാരണ്‍പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 2017 ജൂണ്‍ എട്ടിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബറില്‍ ശിക്ഷാ കാലാവധി ആറ് മാസത്തേക്ക് നീട്ടുകയും ചെയ്തിരുന്നു. മോചനവാര്‍ത്ത വന്നതിന് പിന്നാലെ ആസാദിന്റെ ആയിരക്കണക്കിന് അനുയായികളാണ് ജയിലിന് ചുറ്റും തടിച്ചുകൂടിയത്. പൊലീസ് വാഹനത്തിന് പിന്നാലെ നൂറ് കണക്കിന് ബൈക്കുകളില്‍ മുദ്രാവാക്യം വിളികളോടെയാണ് ആസാദിനെ അനുയായികള്‍ വരവേറ്റത്.

നീതിയുടെ വിജയമെന്നായിരുന്നു മോചന ശേഷം ആസാദിന്റെ പ്രതികരണം. അനുയായികള്‍ ശാന്തരായിക്കണമെന്ന് ആഹ്വാനം ചെയ്ത ആസാദ് അനീതിക്കെതിരെയും അരികുവല്ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടിയുമുള്ള പോരാട്ടം തുടരുമെന്നും പറഞ്ഞു. 2019ല്‍ മോദി സര്‍ക്കാരിനെ  അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ജനങ്ങളെ സംഘടിപ്പിക്കുമെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com