അമിത് ഷായും ജിന്നയും ഒരുപോലെ ; ഒരു ലക്ഷ്യം മാത്രം കണ്ട് പ്രവര്‍ത്തിച്ചവര്‍ : രാമചന്ദ്രഗുഹ

ജിന്നയെപ്പോലെയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ജിന്നയെപ്പോലെ ഒറ്റ ലക്ഷ്യമാണ് അമിത് ഷായെയും നയിക്കുന്നത്
അമിത് ഷായും ജിന്നയും ഒരുപോലെ ; ഒരു ലക്ഷ്യം മാത്രം കണ്ട് പ്രവര്‍ത്തിച്ചവര്‍ : രാമചന്ദ്രഗുഹ

ന്യൂഡല്‍ഹി : പാകിസ്ഥാന്‍ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഒരേ തൂവല്‍ പക്ഷികളാണെന്ന് പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്രഗുഹ. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗുഹ, അമിത് ഷായെയും ജിന്നയെയും താരതമ്യം ചെയ്തത്.  

രാമചന്ദ്രഗുഹയുടെ ഗാന്ധി- ദ ഇയേഴ്‌സ് ദാറ്റ് ചേഞ്ച്ഡ് ദ വേള്‍ഡ്,1914-1948 എന്ന പുതിയ പുസ്തകത്തില്‍, ജിന്നയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സ്വാതന്ത്ര്യസമര കാലഘട്ടില്‍ ജിന്നയ്ക്ക് ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. 

1930കളുടെ തുടക്കത്തില്‍ തന്നെ ജിന്ന ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ എന്ന രാജ്യം രൂപീകരിക്കുക, അതിന്റെ നേതാവാകുക എന്ന ഒറ്റ ലക്ഷ്യമാണ് ജിന്നയ്ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ജിന്നയോട് അനുഭാവപൂര്‍ണമായ നിലപാട് പുസ്തകത്തില്‍ ഇല്ലെന്ന് രാമചന്ദ്രഗുഹ പറഞ്ഞു.

അയാള്‍ ഒരു സത്യസന്ധനായ വ്യക്തിയാണെന്ന് ജിന്നയെക്കുറിച്ച് ഞാന്‍ പറയുമായിരുന്നു. എന്നാല്‍ അംബേദ്കറെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും നേതാക്കളെയോ പോലെയല്ല, ആ മനുഷ്യന്റെ ആന്തരിക സമരങ്ങള്‍. മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍, ജിന്നയുടെ ഈ വ്യക്തിത്വം രക്ഷപ്പെടുകയായിരുന്നു. രാമചന്ദ്ര ഗുഹ പറഞ്ഞു. 

പാക് രാഷ്ട്രപിതാവ് ജിന്നയെപ്പോലെയാണ് ഇപ്പോഴത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ജിന്നയെപ്പോലെ ഒറ്റ ലക്ഷ്യമാണ് അമിത് ഷായെയും നയിക്കുന്നത്. എന്ത് സംഭവിച്ചാലും പാകിസ്ഥാന്‍ രൂപീകരിക്കണമെന്നായിരുന്നു ജിന്നയുടെ നിലപാട്. എന്ത് സംഭവിച്ചാലും ജയിക്കണമെന്നും അധികാരം നേടണമെന്നുമാണ് അമിത് ഷായുടെ നിലപാട്. അതിനായി എത്ര ശവശരീരങ്ങള്‍ തെരുവില്‍ വീണാലും... അതുകൊണ്ട് തന്നെ ഇരുവരും താരതമ്യത്തിന് അര്‍ഹരാണെന്ന് രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടു. 

ഗാന്ധിയും അംബേദ്കറും ചരിത്ര നായകന്മാരാണ്. അരുണ്‍ഷൂറിയും അരുന്ധതി റോയിയും പ്രത്യയശാസ്ത്രപരമായാണ് ഇരുവരെയും വിലയിരുത്തിയത്. അരുണ്‍ ഷൂറി ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാന്‍ അംബേദ്കറെ ഇകഴ്ത്തി. അതേസമയം അരുന്ധതി റോയിയാകട്ടെ അംബേദ്കറെ പുകഴ്ത്തുകയും ഗാന്ധിയെ ഇകഴ്ത്തുകയുമാണ് ചെയ്തത്. രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com