ഇന്ധന വില തടയാൻ കേന്ദ്രം ഇടപെടുന്നു ; കർമ്മപദ്ധതി ഉടനെന്ന് അമിത് ഷാ

പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധന അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ്
ഇന്ധന വില തടയാൻ കേന്ദ്രം ഇടപെടുന്നു ; കർമ്മപദ്ധതി ഉടനെന്ന് അമിത് ഷാ

ഹൈദരാബാദ് : ഇന്ധന വില വര്‍ധന തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍മപദ്ധതി തയ്യാറാക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പെട്രോള്‍ ഡീസല്‍ വില അനിയന്ത്രിതമായി വര്‍ധിക്കുന്നതും, രൂപയുടെ മൂല്യം ഇടിയുന്നതും ജനങ്ങള്‍ക്കിടയില്‍ വന്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ജനങ്ങളുടെ ഉത്കണ്ഠ ബിജെപിയും തിരിച്ചറിയുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം ഉടന്‍ നടപടിയുമായി രംഗത്തെത്തുമെന്ന് അമിത് ഷാ ഹൈദരാബാദില്‍ പറഞ്ഞു. 

പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധന അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ്. അതേസമയം ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍, രൂപ കൂപ്പുകുത്തുകയാണ്. മറ്റ് രാജ്യങ്ങളുടെ കറന്‍സികള്‍ക്കും കാര്യമായ കോട്ടമില്ല. ഇത് ജനങ്ങളെപ്പോലെ, ബിജെപിയെയും ആശങ്കപ്പെടുത്തുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. 

ആഗസ്റ്റ് ഒന്നിനു ശേഷം പെട്രോള്‍ വില ആറ് ശതമാനവും ഡീസല്‍ വില 8 ശതമാനവുമാണ് വര്‍ധിച്ചത്. മുംബൈയില്‍ പെട്രോള്‍ വില 89 ഉം, ഡല്‍ഹിയില്‍ 81.63 രൂപയുമാണ്. ഡീസല്‍ വിലയാകട്ടെ യഥാക്രമം 78.07 ഉം, 73.54 മാണ്. തിരുവനന്തപുരത്ത് പെട്രോളിന് 84.62 രൂപയാണ് വില. ഡീസലിന് 78.47 രൂപയും. കൊച്ചിയില്‍ പെട്രോളിന് 84.61 രൂപയാണ്, ഡീസലിന് 78.47 രൂപ. കോഴിക്കോട് പെട്രോളിന് 84.33 രൂപയും, ഡീസലിന് 78.16 രൂപയുമായി വര്‍ധിച്ചു.

അടുത്തു തന്നെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ് ഗഢ് നിയമസഭകളിലേക്കും, അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യങ്ങളില്‍, ഇന്ധന വില വര്‍ധനവില്‍ ഭരണമുന്നണിയായ ദേശീയ ജനാധിപത്യ സഖ്യത്തിലും അഭിപ്രായവ്യത്യാസമുണ്ട്. വില നിയന്ത്രണം പിടിച്ചുനിര്‍ത്താനും, രൂപയുടെ മൂല്യം ഉയര്‍ത്താനും നടപടി എടുത്തില്ലെങ്കില്‍ തിരിച്ചടി നേരിടുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇന്ധന വില നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ കൈകളിലല്ലെന്നായിരുന്നു നേരത്തെ കേന്ദ്രമന്ത്രിമാര്‍ അഭിപ്രായപ്പെട്ടിരുന്നത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com