സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഊര്‍ജ്ജിത ശ്രമവുമായി സൂത്രധാരന്മാര്‍ രംഗത്ത് ; എംഎല്‍എമാര്‍ക്ക് അഡ്വാന്‍സായി പണം നല്‍കി, വെളിപ്പെടുത്തലുമായി കുമാരസ്വാമി

റിസോര്‍ട്ടുകളോ, ചെറ്റക്കുടിലുകളോ എന്തു വേണമെങ്കിലും അവര്‍ റെഡിയാക്കിക്കോട്ടെ. എന്ത് നേരിടാനും ഒരുക്കമാണ്
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഊര്‍ജ്ജിത ശ്രമവുമായി സൂത്രധാരന്മാര്‍ രംഗത്ത് ; എംഎല്‍എമാര്‍ക്ക് അഡ്വാന്‍സായി പണം നല്‍കി, വെളിപ്പെടുത്തലുമായി കുമാരസ്വാമി

ബംഗലൂരു : തന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരിനെ തകര്‍ക്കാന്‍ സൂത്രധാരന്മാര്‍ ഊര്‍ജ്ജിത ശ്രമവുമായി രംഗത്തിറങ്ങിയിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇവരുടെ ശ്രമം. ഇതിനായി റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ തമ്പടിക്കുകയാണ്. പണം കൈമാറ്റം ഇപ്പോള്‍ മുന്‍കൂറായി നടത്തുകയാണ്. ഇതു സംബന്ധിച്ച് കൂടുതലൊന്നും വെളിപ്പെടുത്തുന്നില്ല. താമസിയാതെ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്നും കുമാരസ്വാമി പറഞ്ഞു. 

ഞാന്‍ ഇക്കാര്യങ്ങള്‍ ഒന്നും അറിയുന്നില്ല എന്നാണോ നിങ്ങള്‍ ധരിച്ചതെന്ന് മാധ്യമപ്രവര്‍ത്തകരോട് കുമാരസ്വാമി ചോദിച്ചു. ഞാന്‍ നിശബ്ദനായി, കാഴ്ചക്കാരനായി നോക്കിയിരുക്കുന്നു എന്നാണോ കരുതിയത്. ഇതിന്റെ പിന്നിലെ സൂത്രധാരന്മാര്‍ ആരെല്ലാമാണ്, പണം എങ്ങനെ കളക്ട് ചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ അറിയാം. ഇക്കാര്യത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. 

റിസോര്‍ട്ടുകളോ, ചെറ്റക്കുടിലുകളോ എന്തു വേണമെങ്കിലും അവര്‍ റെഡിയാക്കിക്കോട്ടെ. ഞാന്‍ എന്ത് നേരിടാനും ഒരുക്കമാണ്. സഖ്യസര്‍ക്കാരിന്റെ സ്ഥിരതയ്ക്ക് വേണ്ടിയുള്ളതാകും തന്റെ തീരുമാനങ്ങളെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം ഈ നീക്കങ്ങള്‍ക്ക് പിന്നിലെ സൂത്രധാരന്മാര്‍ ആരെന്നോ, ഏതെല്ലാം എംഎല്‍എമാരെ സ്വാധീനിച്ചെന്നോ കുമാരസ്വാമി പേരെടുത്ത് പറയാന്‍ തയ്യാറായില്ല. 

ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായ മാധ്യമറിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വരയും വ്യക്തമാക്കി. ബിജെപിയാണ് ഇതിന് പിന്നില്‍. എംഎല്‍എമാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ ആദായ നികുതി വകുപ്പിനോടും, സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോയോടും കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നും പരമേശ്വര പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാറുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു പരമേശ്വര ഇക്കാര്യം അറിയിച്ചത്. 

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നില്ലെന്ന് മുന്‍ ഉപമുഖ്യമന്ത്രി ആര്‍ അശോക് പറഞ്ഞു. ബിജെപിക്കാരായ സൂത്രധാരന്മാര്‍ സര്‍ക്കാരിനെ തകര്‍ക്കാന്‍ രംഗത്തുണ്ടെങ്കില്‍, അവരുടെ പേര് കുമാരസ്വാമി വെളിപ്പെടുത്തണമെന്നും അശോക് ആവശ്യപ്പെട്ടു. അതേസമയം സര്‍ക്കാരിന്റെ പോക്കില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന മന്ത്രിയും മുതിര്‍ന്ന നേതാവുമായ രമേശ് ജാര്‍ക്കോളി, സഹോദരനും കോണ്‍ഗ്രസ് എംഎല്‍എയുമായ സതീഷ് ജാര്‍ക്കോളിയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും സര്‍ക്കാര്‍ നിലപാടുകലില്‍ അതൃപ്തനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com