പ്രളയ മുന്നറിയിപ്പ്  'മൊബൈലില്‍';  ഈ ബുദ്ധിക്ക് പിന്നില്‍  മലയാളി 

ളയക്കെടുതിയില്‍ വലയുന്ന കേരളം അടക്കമുളള രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പ്രളയമുന്നറിയിപ്പ് സംവിധാനം കൊല്‍ക്കത്തയില്‍ ഒരുങ്ങുന്നു.
പ്രളയ മുന്നറിയിപ്പ്  'മൊബൈലില്‍';  ഈ ബുദ്ധിക്ക് പിന്നില്‍  മലയാളി 

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലയുന്ന കേരളം അടക്കമുളള രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പ്രളയമുന്നറിയിപ്പ് സംവിധാനം കൊല്‍ക്കത്തയില്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യ സമഗ്ര പ്രളയമുന്നറിയിപ്പു സംവിധാനം ഒരുക്കുന്നത് ഒരു മലയാളി ആണ് എന്നതില്‍ കേരളത്തിന് അഭിമാനിക്കാം. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ ഹൈഡ്രോ ജിയോളജിസ്റ്റ് ഗോപാകൃഷ്ണ ഭട്ടാണ് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിനു വേണ്ടി പ്രധാന കണ്‍സള്‍ട്ടന്റായി കൊല്‍ക്കത്തയില്‍ ഈ സംവിധാനം ഒരുക്കുന്നത്. ഒക്ടോബര്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങും.

രണ്ടു കോടി രൂപ ചെലവില്‍ നാനൂറിലധികം അള്‍ട്രാസോണിക് സെന്‍സറുകള്‍ കൊല്‍ക്കത്ത നഗരത്തില്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിച്ചിരിക്കുന്ന ഈ സെന്‍സറുകള്‍ വഴി വെള്ളമെത്തുന്നതിന്റെ വിവരം തത്സമയം ലഭിക്കും. കനാലുകള്‍, ജംക്ഷനുകള്‍, സ്ഥാപനങ്ങള്‍, ബസുകള്‍, പമ്പിങ് സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലായി അഞ്ചുതരം സെന്‍സറുകളാണു സ്ഥാപിച്ചത്. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ വിദൂരത്തിരുന്നു വിലയിരുത്താം. ഏതൊക്കെ സ്ഥലങ്ങളെ ബാധിക്കുമെന്നു മുന്‍കൂട്ടികണ്ട് അവിടെയുള്ളവരുടെ മൊബൈല്‍ ഫോണിലേക്കു സന്ദേശം അയയ്ക്കാനാകും.

ക്ലൗഡ് അധിഷ്ഠിതമായ സെര്‍വറിലേക്കു സെന്‍സറുകളിലെ വിവരങ്ങള്‍ തത്സമയം എത്തുന്നു. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം. പ്രളയം ബാധിക്കുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ട് അവിടെയുള്ളവര്‍ക്കു മൊബൈല്‍ അലര്‍ട്ടുകള്‍ നല്‍കും. ഇങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനരീതി. 

എഡിബിയുടെ അര്‍ബന്‍ ഫിനാന്‍സിങ് പാര്‍ട്ട്ണര്‍ഷിപ്പ് ഫെസിലിറ്റിയുടെ ഭാഗമായി ഏഴു കോടി രൂപ ഇതിനു നീക്കിവച്ചിട്ടുണ്ട്. 10 വര്‍ഷത്തിനിടെ കൊല്‍ക്കത്തയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ജിഐഎസ് മാപ്പിങ്ങിലൂടെ 35 ലെയറുകളായി എഡിബി സൂക്ഷിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകളും മാപ്പിലെ വിവരങ്ങളും ചേര്‍ത്താണു വിലയിരുത്തല്‍ പൂര്‍ത്തിയാക്കുന്നത്.

അണക്കെട്ടുകളുള്ള കേരളത്തില്‍ ഈ സെന്‍സറുകള്‍ ഉപയോഗിച്ചാല്‍ ഷട്ടറുകള്‍ തുറക്കുമ്പോള്‍ അധികമായി എത്തുന്ന വെള്ളം എത്ര വ്യാപ്തിയില്‍ പടരുമെന്നു മുന്‍കൂട്ടി കണക്കാക്കാം. 25,000 രൂപയാണ് ഒരു സെന്‍സറിന്റെ വില. രണ്ടാം ഘട്ടമായി മറ്റു പ്രകൃതിദുരന്തങ്ങളും നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ കൊല്‍ക്കത്തയില്‍ ഒരുക്കുമെന്നു ഗോപാകൃഷ്ണ ഭട്ട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com