മറ്റുള്ളവര്‍ക്ക് വേണ്ടി തന്ത്രം മെനയാനില്ല ; 'ഇലക്ഷന്‍ ഗുരു' പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലേക്ക്, ജെഡിയുവില്‍ ചേര്‍ന്നു
By സമകാലിക മലയാളം ഡെസ്ക് | Published: 16th September 2018 12:17 PM |
Last Updated: 16th September 2018 12:17 PM | A+A A- |

ന്യൂഡല്‍ഹി: ഇലക്ഷന്‍ ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇനി സജീവ രാഷ്ട്രീയത്തില്‍. നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന്റെ കൊടുക്കൂറയ്ക്ക് കീഴിലാണ് പ്രശാന്ത് രാഷ്ട്രീയക്കളരിയില്‍ ഇറങ്ങുന്നത്. ഇന്ന് രാവിലെ പാട്‌നയില്‍ ചേര്‍ന്ന ജെഡിയു നേതൃയോഗത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറില്‍ നിന്ന് പ്രശാന്ത് കിഷോര്‍ പാര്‍ട്ടി പ്രാഥമിക അംഗത്വം സ്വീകരിച്ചത്.
Election strategist Prashant Kishor joins JDU in the presence of Bihar Chief Minister Nitish Kumar in Patna pic.twitter.com/UAkF3df2ee
— ANI (@ANI) September 16, 2018
'ബിഹാറില്‍ നിന്ന് പുതിയ യാത്ര തുടങ്ങുന്നതില്‍ ആവേശഭരിതനാണ്' എന്ന് കഴിഞ്ഞദിവസം പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതോടെയാണ് പ്രശാന്ത് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്‍ത്ത സജീവമായത്. കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്തുന്ന ജോലി വിടുകയാണെന്നും ഇനി രാഷ് ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെയും, 2015 ല്‍ ബിഹാറില്‍ നിതീഷ് കുമാറിനെയും അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ് പ്രശാന്ത് കിഷോര്‍. ഇടക്കാലത്ത് ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ പ്രശാന്തിനെ, ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് തിരികെ ബിജെപി ക്യാംപില്‍ എത്തിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രശാന്ത് കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി(പിഎസി) ആന്ധ്രയില്‍ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനയുകയായിരുന്നു.