ജന്മ ദിനത്തില്‍ മോദിയെ പുകഴ്ത്തി പുസ്തകം;  ഭാരം അഞ്ച് കിലോ! 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് 672 പേജുകളും അഞ്ച് കിലോ ഭാരവുമുള്ള സചിത്ര പുസ്തകം പുറത്തിറങ്ങി
ജന്മ ദിനത്തില്‍ മോദിയെ പുകഴ്ത്തി പുസ്തകം;  ഭാരം അഞ്ച് കിലോ! 


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് 672 പേജുകളും അഞ്ച് കിലോ ഭാരവുമുള്ള സചിത്ര പുസ്തകം പുറത്തിറങ്ങി. ഗുജറാത്ത് കലാപവും പ്രതികൂല സാഹചര്യങ്ങളും നിയമ പോരാട്ടങ്ങളും കടന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്നുവന്ന വ്യക്തിത്വമാണ് മോദിയെന്ന് പുസ്തകം അവകാശപ്പെടുന്നു. 

അന്താരാഷ്ട്ര എഴുത്തുകാരും നിയമ വിദഗ്ധരുമായ ആദിഷ് അഗര്‍വാല, സാറ ജെ മാര്‍ചിങ്ടണ്‍ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം തയ്യാറാക്കിയത്. മോദിയുടെ 68ാം പിറന്നാള്‍ ദിനമായ തിങ്കളാഴ്ചയാണ് പുസ്തകം പുറത്തിറക്കിയത്. 'നരേന്ദ്ര മോദി എ കരിസ്മാറ്റിക്ക് ആന്‍ഡ് വിഷനറി സ്‌റ്റേറ്റ്‌സ്മാന്‍' എന്ന പുസ്തകം മോദിയുടെ ജീവിതത്തിന്റെ വസ്തുനിഷ്ഠമായ അവതരണമാണെന്ന് രചയിതാക്കള്‍ അവകാശപ്പെടുന്നു. ജാപ്പനീസ് മാറ്റ് ആര്‍ട്ട് പേപ്പറാണ് പുസ്തകത്തിന് ഉപയോഗിച്ചിരിക്കുന്നത്. 

മോദിയുടെ കുട്ടിക്കാലം മുതലുള്ള അപൂര്‍വ ചിത്രങ്ങളും പ്രഭാതം മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒരു മണി വരെ നീളുന്ന ദിനചര്യകളും പുസ്തകത്തിലുണ്ട്. ലോക നേതാക്കളുമായുള്ള ചിത്രങ്ങളും പുസ്തകത്തിലുണ്ട്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിവിധ കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ മോദിയെക്കുറിച്ച് എഴുതിയ കുറിപ്പുകളും പുസ്തകത്തിലുണ്ട്. 

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. വികസന രാഷ്ട്രീയത്തിന്റെ ബിംബം എന്നാണ് അമിത് ഷാ മോദിയെ വിശേഷിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com