വര്‍ഗീയ കലാപത്തില്‍ പലായനം ചെയ്ത ഹിന്ദുക്കള്‍ക്കായി 26 വര്‍ഷമായി ക്ഷേത്രം സംരക്ഷിച്ച് മുസ്‌ലിം കുടുംബങ്ങള്‍ 

ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് ശേഷം നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ ലാഡ്ദേവലയിലെ ഹിന്ദു കുടുംബങ്ങള്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്തു
വര്‍ഗീയ കലാപത്തില്‍ പലായനം ചെയ്ത ഹിന്ദുക്കള്‍ക്കായി 26 വര്‍ഷമായി ക്ഷേത്രം സംരക്ഷിച്ച് മുസ്‌ലിം കുടുംബങ്ങള്‍ 

മുസഫര്‍നഗര്‍: വര്‍ഗീയ കലാപങ്ങള്‍ ഒരുപാട് കണ്ട സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടയിലും മതമൈത്രിയുടെ സന്ദേശം പകര്‍ന്ന് കഴിഞ്ഞ 26 വര്‍ഷമായി മാതൃകയായി നിലക്കൊളളുന്ന പ്രദേശവും ഈ സംസ്ഥാനത്തുണ്ട്. പറഞ്ഞു വരുന്നത് മുസഫര്‍നഗറിലെ ലാഡ്‌ദേവാല പ്രദേശത്തെ കുറിച്ചാണ്. 

ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് ശേഷം നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ ലാഡ്ദേവലയിലെ ഹിന്ദു കുടുംബങ്ങള്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്തു. ഇവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പ്രദേശത്തെ മുസ്‌ലിം കുടുംബങ്ങള്‍ അവിടെ ആകെയുളള ഒരു ക്ഷേത്രം പരിപാലിച്ചുവരുകയാണ്. കഴിഞ്ഞ 26 വര്‍ഷമായി ദിവസതോറും ക്ഷേത്രം വൃത്തിയാക്കിയും മറ്റുമാണ് ഇവര്‍ ക്ഷേത്രം പരിപാലിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വെളളപൂശുന്നതും പതിവാണ്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മൃഗങ്ങളില്‍ നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കുന്നതും ഇവര്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്നു.

35 മുസ്‌ലിം കുടുംബങ്ങളാണ് പ്രദേശത്തുളളത്. വര്‍ഗീയ സംഘര്‍ഷമുണ്ടായിരുന്ന ദിനങ്ങളിലാണ് തങ്ങളുടെ അയല്‍ക്കാരായ ഹിന്ദുകുടുംബങ്ങള്‍ നാട് ഉപേക്ഷിച്ച് പോയതെന്ന് മെഹര്‍ബാന്‍ അലി ഓര്‍ക്കുന്നു. അവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

1970ല്‍ നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ ചുറ്റിലുമായി 20 ഓളം ഹിന്ദു കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഇവര്‍ തിരിച്ചുവരുമ്പോള്‍ ക്ഷേത്രം പഴയപോലെ തിരിച്ചേല്‍പ്പിക്കുക എന്നതാണ് മുസ്‌ലിം കുടുംബങ്ങള്‍ ആഗ്രഹിക്കുന്നത്. മറ്റുളളവരെ ക്ഷേത്രം നശിപ്പിക്കാന്‍ അനുവദിച്ചാല്‍, ഹിന്ദുകുടുംബങ്ങള്‍ക്ക് തങ്ങളിലുളള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് മുസ്‌ലിം കുടുംബങ്ങള്‍ കരുതുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com