'ജാതിഭ്രാന്തന്മാര്‍ക്കെതിരെ പോരാടാന്‍ കുഞ്ഞിനെ പഠിപ്പിക്കും'; ഭര്‍ത്താവിനെ വെട്ടിവീഴ്ത്തിയവര്‍ക്ക് മുന്നില്‍ ചങ്കുറപ്പോടെ ജീവിച്ച് കാണിക്കുമെന്ന് അമൃത 

'ജാതിഭ്രാന്തന്മാര്‍ക്കെതിരെ പോരാടാന്‍ കുഞ്ഞിനെ പഠിപ്പിക്കും'; ഭര്‍ത്താവിനെ വെട്ടിവീഴ്ത്തിയവര്‍ക്ക് മുന്നില്‍ ചങ്കുറപ്പോടെ ജീവിച്ച് കാണിക്കുമെന്ന് അമൃത 

പരസ്പരം ആഴത്തിലുള്ള സ്‌നേഹം അല്ലാതെ മറ്റൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും അമൃത പറഞ്ഞു

നല്‍ഗൊണ്ട: മകള്‍ താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിനെ തുടര്‍ന്നുണ്ടായ ദുരഭിമാനത്തിന്റെ പേരില്‍ തന്റെ ഭര്‍ത്താവിനെ 
സ്വന്തം പിതാവും കുടുംബവും കൊലപ്പെടുത്തിയ സംഭവത്തില്‍, അമൃതയുടെ കണ്ണീര്‍ തോരാതെയുളള വാക്കുകള്‍ നൊമ്പരമാകുന്നു. ജാതിയില്ലാതെ മക്കളെ വളര്‍ത്തണമെന്നായിരുന്നു ഞങ്ങളുടെ സ്വപ്നം. പ്രണയ് നല്‍കിയ സമ്മാനമാണ് എന്റെയുള്ളില്‍ വളരുന്നത്. ജാതിക്കെതിരെ പോരാടാന്‍ തന്റെ കുഞ്ഞിനെ പഠിപ്പിക്കും എന്ന് കണ്ണീര്‍ തോരാതെ അമൃത പറയുന്നു. പരസ്പരം ആഴത്തിലുള്ള സ്‌നേഹം അല്ലാതെ മറ്റൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും അമൃത പറഞ്ഞു. പ്രണയ്യുടെ വീട്ടിലാണ് അമൃത ഇപ്പോള്‍ താമസിക്കുന്നത്.

മകള്‍ താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാളെ വിവാഹം കഴിച്ചതിനാണ്  ക്വട്ടേഷന്‍ നല്‍കി അമൃതയുടെ പിതാവ് പ്രണയ്‌യെ കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായ അമൃതയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴാണ് പിന്നിലൂടെ എത്തിയ അക്രമി പ്രണയ്‌യെ വെട്ടിവീഴ്ത്തിയത്. തെലങ്കാനയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഉയര്‍ന്ന ജാതിയില്‍പ്പെട്ട അമൃതയെ(21) വിവാഹം ചെയ്ത പ്രണയ് കുമാറിനെ(23) പട്ടാപ്പകല്‍ വാടകഗുണ്ടകള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ കൊല്ലപ്പെട്ട പ്രണയ്‌യുടെ ഭാര്യ അമൃതയുടെ അച്ഛന്‍ മാരുതി റാവു, സഹോദരന്‍ ശ്രാവണ്‍, കൊലപാതകം നടത്തിയ സുഭാഷ് ശര്‍മ, കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ കരീം എന്നിവടക്കം ഏഴുപേര്‍ അറസ്റ്റിലായി.

വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് ഇക്കഴിഞ്ഞ ജനുവരിയിലാണ്, ഉയര്‍ന്ന ജാതിയില്‍പ്പെട്ട അമൃതവര്‍ഷിണി ദലിത് ക്രിസ്ത്യനായ പ്രണയ് കുമാറിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിനുശേഷം വീട്ടുകാരില്‍ നിന്ന് അകന്ന് കഴിഞ്ഞിരുന്ന അമൃത ഗര്‍ഭിണിയായ വിവരം അമ്മയെ അറിയിച്ചിരുന്നു. തുടര്‍ന്ന് അമ്മയും അമൃതയും സംസാരിക്കുന്നത് പതിവായി. ആവശ്യത്തിന് വിശ്രമിക്കണമെന്നും ഭക്ഷണത്തില്‍ ശ്രദ്ധിക്കണമെന്നും അമ്മ നിര്‍ദേശം നല്‍കി. അമൃതയുടെ വിവരങ്ങളെല്ലാം അച്ഛന്‍ മാരുതി റാവുവിനെയും അമ്മ അറിയിച്ചിരുന്നു.

എന്നാല്‍ അമ്മയും അമൃതയും അറിയാതെ കൊലപാതകത്തിനുള്ള ആസൂത്രണം മാരുതി റാവു നടത്തുകയായിരുന്നു. പ്രണയിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അമ്മയും അമൃതയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ റാവു ഉപയോഗിച്ചു. സെപ്തംബര്‍ പതിമൂന്നിനാണ് അമൃത അവസാനമായി അമ്മയെ വിളിച്ചത്. പ്രണയിക്കൊപ്പം ആശുപത്രിയില്‍ ചെക്കപ്പിന് പോകുന്ന വിവരം അമൃത അമ്മയോട് പറഞ്ഞു. അമ്മ ഈ വിവരം അച്ഛനോടും പറഞ്ഞു.

കൊലപാതകം നടത്തേണ്ട സ്ഥലവും സമയവും മാരുതി റാവു ഇതോടെ ആസൂത്രണം ചെയ്തു. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍ പട്ടാപ്പകല്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍വെച്ച് പ്രണയിയെ ക്രൂരമായി കൊലപ്പെടുത്തി. ഒരു കോടി രൂപയാണ് കൊലയാളിസംഘത്തിന് വാഗ്ദാനം ചെയ്തിരുന്നത്. ഇതില്‍ 16 ലക്ഷം അഡ്വാന്‍സ് ആയി നല്‍കി. ദുരഭിമാന കൊലയില്‍ അച്ഛന്‍ മാരുതി റാവുവിന്, അമൃതയുടെ സഹോദരന്‍ ശ്രാവണും കൂട്ടുനിന്നു.

താഴ്ന്ന ജാതിക്കാരനായ പ്രണയ് അമൃതയെ വിവാഹം കഴിച്ചതില്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ അച്ഛന്‍ മാരുതി റാവു ഫോണില്‍ വിളിച്ച് വീട്ടിലേക്ക് തിരിച്ച് വരണമെന്നും, ഗര്‍ഭം അലസിപ്പിക്കണമെന്നും അമൃതയോട് ആവശ്യപ്പെട്ടു. എന്നാല്‍ അമൃത ഇതിന് തയാറായില്ല. പ്രണയിയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് ഒരു പ്രശ്‌നമാവാതിരിക്കാനാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതെന്ന് അമൃത പറയുന്നു.

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സുഭാഷ് ശര്‍മയാണ് കൊല നടത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. മാരുതി റാവു കൃത്യം നടത്തുന്നതിനായി ഇയാളെ ബിഹാറില്‍ നിന്ന് വിളിച്ചു വരുത്തുകയായിരുന്നു. ഒരു കോടി രൂപയുടേതായിരുന്നു ക്വട്ടേഷന്‍. അഡ്വാന്‍സായി 18 ലക്ഷം രൂപയും റാവു കൈമാറിയിരുന്നു.

പ്രണയിനെ കൊല്ലാനുള്ള കരാര്‍ പെണ്‍കുട്ടിയുടെ അച്ഛനില്‍നിന്ന് ഒരുകോടി രൂപയ്ക്ക് ഏറ്റെടുത്തത് ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരണ്‍ പാണ്ഡ്യ വധക്കേസിലെ പ്രതിയായ മുഹമ്മദ് അബ്ദുല്‍ ബാരി ആയിരുന്നു. ബാരി ഏറ്റെടുത്ത ക്വട്ടേഷന്‍ പിന്നീടു പത്തുലക്ഷം രൂപയ്ക്കു കൊടുംകുറ്റവാളിയായ സുഭാഷ് ശര്‍മയ്ക്ക് മറിച്ചുകൊടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്കുശേഷമാണ് പ്രതികളെ പിടികൂടുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com