'ദിവസം മൂന്ന് മാല പൊട്ടിക്കണം, അല്ലെങ്കില്‍ വീട്ടിലേക്ക് വരേണ്ട'; ഭര്‍ത്താവിനെ പിടിച്ചു പറിക്കാരനാക്കിയ ഭാര്യ അറസ്റ്റില്‍

ഭാര്യയുടെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ പിടിച്ചുപറി ആരംഭിക്കുന്നത്. ദിവസം മൂന്ന് മാലയെങ്കിലും പൊട്ടിക്കണം എന്നായിരുന്നു മഹാദേവിയുടെ നിര്‍ദേശം
'ദിവസം മൂന്ന് മാല പൊട്ടിക്കണം, അല്ലെങ്കില്‍ വീട്ടിലേക്ക് വരേണ്ട'; ഭര്‍ത്താവിനെ പിടിച്ചു പറിക്കാരനാക്കിയ ഭാര്യ അറസ്റ്റില്‍

ബാംഗളൂര്‍: ദിവസം മൂന്ന് മാലയെങ്കിലും പൊട്ടിക്കണം, പെട്ടെന്ന് പണക്കാരനാവാന്‍ ഭര്‍ത്താവിന് ഉപദേശം നല്‍കിയ ഭാര്യയെ പൊലീസ് അറസ്റ്റു ചെയ്തു. ഭര്‍ത്താവ് അച്യുത് കുമാറിനെ പിടിച്ചു പറിക്കാരനും ക്രിമിനലുമായി മാറ്റിയതിനാണ് മഹാദേവി എന്ന് 29 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നൂറില്‍ അധികം കേസുകളില്‍ ഉള്‍പ്പെട്ട കുമാറിനെ പൊലീസ് മാസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. 

ഭാര്യയുടെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ പിടിച്ചുപറി ആരംഭിക്കുന്നത്. ദിവസം മൂന്ന് മാലയെങ്കിലും പൊട്ടിക്കണം എന്നായിരുന്നു മഹാദേവിയുടെ നിര്‍ദേശം. പെട്ടെന്ന് പണക്കാരാവുന്നതിനു വേണ്ടിയായിരുന്നു ഇത്. കുമാര്‍ അറസ്റ്റിലായതിന് ശേഷം മഹാദേവിയെ മാണ്ഡ്യ ജില്ലയിലെ നാഗമംഗല ആനാഥാലയത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 

ഈ വര്‍ഷം ജൂണിലാണ് കുമ്പളഗോഡ് സ്വദേശിയായ കുമാര്‍ എന്ന വിശ്വനാഥ് കോലിവാഡ് (31) പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അന്വേഷണത്തിന് ഇടയിലാണ് ഭാര്യയുടെ നിര്‍ബന്ധത്തിലാണ് താന്‍ പിടിച്ചുപറിക്ക് ഇറങ്ങിയത് എന്ന് പൊലീസിനോട് പറയുന്നത്. കുമാര്‍ മോഷ്ടിച്ച് കൊണ്ടുവരുന്ന സ്വര്‍ണ്ണ മാലകള്‍ സൂക്ഷിക്കുന്നത് മഹാദേവിയാണ്. മോഷണമുതല്‍ പണയം വെച്ച് പണമാക്കാന്‍ കുമാറിനെ സഹായിച്ചിരുന്നതും ഇവരായിരുന്നു. കഴിഞ്ഞ ഏഴു മാസത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണ മാലകളാണ് കുമാര്‍ തട്ടിപ്പറിച്ചത്. 

ആഡംബരമായി ജീവിക്കാനാണ് മഹാദേവി ഈ പണം ഉപയോഗിച്ചിരുന്നത്. ആഡംബര ബാഗുകളോട് ഇവര്‍ക്ക് വല്ലാത്ത താല്‍പ്പര്യമായിരുന്നു. ഇരുവരും ഇടയ്ക്ക് ഗോവയിലേക്ക് വിനോദയാത്ര പോയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. മാലയുടെ യഥാര്‍ത്ഥ തൂക്കം മനസിലാക്കാന്‍ വെയ്റ്റിങ് മെഷീന്‍ പോലും വീട്ടില്‍ വാങ്ങിവെച്ചിരുന്നു. രണ്ട് എസ്യുവിയും അഞ്ച് ബൈക്കുകളും വാങ്ങണമെന്നും ഇവര്‍ കുമാറിനെ നിര്‍ബന്ധിച്ചിരുന്നു. അഞ്ച് വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com