പൈസയില്ല, കുട്ടികള്‍ ഉച്ചയ്ക്ക് പാല്‍ കുടിക്കേണ്ടെന്ന് സംസ്ഥാനങ്ങള്‍: കേന്ദ്രത്തിന്റെ നിര്‍ദേശം തള്ളി

നിര്‍ദേശത്തെ എല്ലാവരും അനുകൂലിക്കുന്നുണ്ടെങ്കിലും ഇതിനുള്ള പണം കണ്ടെത്താന്‍ കഴിയാത്തതാണ് വെല്ലുവിളിയാകുന്നത്
പൈസയില്ല, കുട്ടികള്‍ ഉച്ചയ്ക്ക് പാല്‍ കുടിക്കേണ്ടെന്ന് സംസ്ഥാനങ്ങള്‍: കേന്ദ്രത്തിന്റെ നിര്‍ദേശം തള്ളി

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തില്‍ പാല്‍ ഉള്‍പ്പെടുത്തണം എന്ന കേന്ദ്രത്തിന്റെ നിര്‍ദേശം തള്ളി ഭൂരിപക്ഷം സംസ്ഥാനങ്ങളും. പ്രൈമറി അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികളുടെ പോഷകാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഉച്ചഭക്ഷണത്തില്‍ പാല്‍ കൂടി ഉള്‍പ്പെടുത്താന്‍ പണമില്ല എന്ന് കാട്ടിയാണ് ഭൂരിഭാഗം സംസ്ഥാനങ്ങളും നിര്‍ദേശത്തില്‍ നിന്ന് പിന്‍വലിഞ്ഞത്. 

കഴിഞ്ഞ മാസമാണ് ഉച്ചഭക്ഷണത്തില്‍ പാല്‍ കൂടി ഉള്‍പ്പെടുത്തണം എന്ന് കാട്ടി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്ത് അയക്കുന്നത്. നിര്‍ദേശത്തെ എല്ലാവരും അനുകൂലിക്കുന്നുണ്ടെങ്കിലും ഇതിനുള്ള പണം കണ്ടെത്താന്‍ കഴിയാത്തതാണ് വെല്ലുവിളിയാകുന്നത്. തങ്ങള്‍ക്കും പണം നല്‍കി സംസ്ഥാനങ്ങളെ സഹായിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. 

2022 ആവുമ്പോഴേക്കും ക്ഷീര കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയം സംസ്ഥാനങ്ങളോട് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പാല്‍ വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടത്. മൂന്ന് ലക്ഷം ടണ്ണിന്റെ പാല്‍പ്പൊടിയാണ് രാജ്യത്ത് അധികമുള്ളത്. അതിനാല്‍ ഡയറികളും പാല്‍ മൊത്തവിതരണക്കാരും പാല്‍ വാങ്ങുന്നതിന്റെ അളവ് കുറച്ചു. തുടര്‍ന്ന് പല സ്ഥലങ്ങളിലും പാലിന്റെ വില ഗണ്യമായി കുറഞ്ഞു. 

നിലവില്‍ രാജസ്ഥാന്‍, ഹരിയാന പോലുള്ള സംസ്ഥാനങ്ങളിലെ ചില ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് പാല്‍ വിതരണം ചെയ്യുന്നത്. ആഴ്ചയിലെ രണ്ട് ദിവസം കുട്ടികള്‍ക്ക് പാല്‍ നല്‍കുന്നതിന് രാജസ്ഥാന്‍ സര്‍ക്കാര്‍ അന്നപൂര്‍ണ ദൂത് യോജന എന്ന പദ്ധതി ആവിഷ്‌കരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com