മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷം തടവ്; ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ബില്‍ രാജ്യസഭ പാസാക്കാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്
മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷം തടവ്; ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


ന്യൂഡല്‍ഹി: മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷം വരെ തടവു ശിക്ഷയ്ക്കു വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ബില്‍ രാജ്യസഭ പാസാക്കാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. 

ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍കുറ്റമായി നിര്‍വചിച്ചുകൊണ്ടുള്ള ബില്‍ കഴിഞ്ഞ ഡിസംബറില്‍ ലോക്‌സഭ പാസാക്കിയിരുന്നു. ബില്ലിലെ വ്യവസ്ഥ പ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. ഇതേ ബില്ലാണ് ഇപ്പോള്‍ ഓര്‍ഡിന്‍സ് ആയി ഇറക്കുന്നത്. 

മുത്തലാഖ് ചൊല്ലുന്നത് ജാമ്യമില്ലാക്കുറ്റമാണെന്ന വ്യവസ്ഥയിന്മേല്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടുള്ള ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയെങ്കിലും ബില്‍ പാസാക്കാനായിരുന്നില്ല. മുത്തലാഖ് ചൊല്ലിയ ആള്‍ക്ക് ജാമ്യം നല്കണമോ വേണ്ടയോ എന്ന് സ്ത്രീയുടെ ഭാഗം കേട്ടശേഷം മജിസ്‌ട്രേറ്റിന് തീരുമാനിക്കാം എന്നാണ് ഭേദഗതി.

2017  ഓഗസ്റ്റ് 22ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com